തമിഴകത്തിന്റെ താരറാണിയായ തൃഷ മലയാളത്തിലെത്തുന്നു. മമ്മൂട്ടിയുടെ നായികയായാണ് തൃഷയുടെ മലയാള അരങ്ങേറ്റം. പ്രണയകാലവും കേരള കഫേയിലെ ലഘുചിത്രമായ മൃത്യുഞ്ജയവും ഒരുക്കിയ ഉദയ് അനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വൈറ്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് തൃഷയ്ക്ക്.
മലയാളത്തില്‍ നിന്ന് മുന്‍പും നിരവധി ഓഫറുകള്‍ വന്നിരുന്നുവെങ്കിലും തിരക്കഥ ഇഷ്ടമാകാത്തതിനാലും ഡേറ്റ് പ്രോബ്‌ളം മൂലവും അവയൊന്നും തൃഷ ഏറ്റെടുത്തിരുന്നില്ല.
ഗാംങ്‌സ് ഒഫ് വസിപൂര്‍, ബദ്‌ലാപൂര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തമായ ബോളിവുഡ് താരം ഹുമാ ഖുറേഷിയെയാണ് വൈറ്റിലെ നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും വൈറ്റിന്റെ ചിത്രീകരണ തീയതി മാറ്റിയതിനാല്‍ ഹുമാ ഖുറേഷിക്ക് ഈ ചിത്രവുമായി സഹകരിക്കാന്‍ കഴിയാതെ വരികയായിരുന്നു.
സവിശേഷതകള്‍ ഏറെയുള്ള ഒരു പ്രണയ കഥയാണ് വൈറ്റ് പറയുന്നത്. രാജ്യത്തെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ ഇറോസ് ഇന്റര്‍ നാഷണലാണ് വൈറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്.
ജിത്തു ജോസഫിന്റെ ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ മലയാളത്തിലെത്തിയ ഇറോസ് ഇവിടെ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. രാഹുല്‍ രാജാണ് വൈറ്റിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പരസ്യചിത്രരംഗത്ത് പ്രശസ്തനായ ഗണേഷാണ് ഛായാഗ്രാഹകന്‍.
സെപ്തംബര്‍ 25 ന് ലണ്ടനില്‍ ചിത്രീകരണം ആരംഭിക്കുന്ന വൈറ്റിന്റെ രണ്ട് ദിവസത്തെ ചിത്രീകരണം ഡല്‍ഹിയിലും ബാംഗ്ലൂരിലും നടക്കും. രഞ്ജി പണിക്കര്‍, ഷംന കാസിം തുടങ്ങിയ ഒരു വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.