വാഷിങ്ടണ്‍: ഐഎസിനെ വിമര്‍ശിച്ച് അല്‍ഖായിദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി രംഗത്ത്. മറ്റ് ഭീകരസംഘടനകളിലെ ഭീകരരെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ‘തട്ടിയെടുക്കുക’യാണെന്ന് അല്‍ഖായിദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി. പുതുതായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് സവാഹിരിയുടെ ‘വിമര്‍ശനം’
‘അബുബക്കര്‍ അല്‍ബാഗ്ദാദിയുടെയും സഹോദരങ്ങളുടെയും പ്രവര്‍ത്തികള്‍ ഞങ്ങള്‍ക്ക് ഹാനികരമാണ്. അവര്‍ മറ്റു ഭീകര സംഘടനകളില്‍ ഉള്ളവരെ തട്ടിയെടുക്കുകയാണ്. ഞങ്ങള്‍ കഴിയുന്നത് പോലെ പ്രതികരിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാജ്യദ്രോഹത്തിന്റെ തീ അണയ്ക്കാനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്’-അദ്ദേഹം പറഞ്ഞു. എസ്‌ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പാണ് ശബ്ദ സന്ദേശം മൊഴിമാറ്റി പുറത്തുവിട്ടത്.
‘അബുബക്കര്‍ അല്‍ബാഗ്ദാദിയും സഹോദരങ്ങളും ഞങ്ങള്‍ക്കൊരു അവസരം നല്‍കുന്നില്ല. ഐഎസ് ഒറ്റ ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്. അവരുടെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക രാഷ്ട്രം നിര്‍മിക്കുക. മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അബുബക്കറും സംഘവും ആളുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്’- അയ്മാന്‍ അല്‍ സവാഹിരി പറഞ്ഞു.
സിറിയ, ലിബിയ, യെമന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഐഎസിനായി പോരാടുന്ന ഭീകരര്‍ ഒരു കാലത്ത് അല്‍ഖായിദയില്‍ ഉണ്ടായിരുന്നവരാണ്.
എന്നാല്‍, ഇസ്‌ലാമിക് സ്റ്റേറ്റുമായുള്ള സഹകരണ സാധ്യതയും അല്‍ഖായിദ തലവന്‍ തള്ളിക്കളയുന്നില്ല. ‘ഇറാഖിലോ സിറിയയിലോ മതേതരവാദികളെയോ ഷിയാകളെയോ കൊല്ലുന്നതിന് ഞാന്‍ തയാറാണ്. അതിന് ഐഎസിനെ സഹായിക്കും ‘അയ്മാന്‍ വ്യക്തമാക്കി.
അതേസമയം, ഐഎസിന്റെ വരവോടെ അല്‍ഖായിദയ്ക്ക് രാജ്യാന്തര തലത്തിലുണ്ടായ ക്ഷീണമാണ് സവാഹിരിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.