മലപ്പുറം ജില്ല വിഭജിക്കേണ്ടത് ജില്ലയിലെ ഓരോ പൗരന്റേയും ആവശ്യമെന്ന് സാദിഖലി തങ്ങള്‍

കൊച്ചി: മലപ്പുറം ജില്ല വിഭജിക്കേണ്ടത് ജില്ലയിലെ ഓരോ പൗരന്റെയും ആവശ്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

വിഭജനം മുസ്ലീം ലീഗിന്റെ മാത്രം ആവശ്യമല്ല. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകേണ്ടതുണ്ട്. വിഭജനത്തിന്റെ നേട്ടം മുസ്‌ലിംകള്‍ക്കു മാത്രമാണെന്ന ചിന്ത ശരിയല്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഭൂരിപക്ഷ സമുദായങ്ങളെ പ്രകോപിപ്പിച്ച് ഒന്നും നേടാനില്ലെന്നു പറഞ്ഞ അദ്ദേഹം എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ ഭീകരവാദം പഠിപ്പിച്ച് ഭൂരിപക്ഷസമുദായങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും ആരോപിച്ചു. കേരളത്തില്‍ ഇത് വിലപ്പോകാതിരിക്കാന്‍ കാരണം മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ലീഗ് നിരന്തരം നടത്തുന്ന പ്രവര്‍ത്തനങ്ങളാണെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാണിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെ എതിര്‍ക്കുന്ന കാന്തപുരത്തിന്റെ നിലപാടിനോട് യോജിക്കാനാകില്ല. സംവരണകാര്യത്തില്‍ മാറ്റംവേണമെങ്കില്‍ എല്ലാ പാര്‍ട്ടികളും കൂടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Top