മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍; അട്ടിമറി ശ്രമം നടന്നതായി സംശയം

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിംഗ് വൈകുന്നു.

നൂറോളം വാര്‍ഡുകളില്‍ വോട്ടെടുപ്പ് ഇനിയും ആരംഭിച്ചിട്ടില്ല. അട്ടിമറി ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറോടും എസ്പിയോടുമാണ് വിശദീകരണം ആവശ്യപ്പെട്ടത്.

വോട്ടിംങ് യന്ത്രത്തില്‍ പേപ്പര്‍ തിരുകുകയും സ്റ്റിക്കര്‍ ഒട്ടിക്കുകയും ആയി കണ്ടെത്തിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിവിധ ജില്ലകളിലായി 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രണ്ടാം ഘട്ടത്തില്‍ 1.4 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.

Top