മലബാര്‍ സിമന്റ്‌സ് അഴിമതി അന്വേഷണം: മന്ത്രി കുഞ്ഞാലിക്കുട്ടിയെ കുരുക്കാന്‍ നീക്കം?

പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ അഴിമതി സംബന്ധമായി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത് വി.എം രാധാകൃഷണന്റെ ‘മൊഴി’ പേടിച്ചിട്ടെന്ന് സൂചന.

തന്നെ കുരുക്കാന്‍ ശ്രമിച്ചാല്‍ ഭരണപക്ഷത്തെ പലരെയും ‘കുരുക്കാന്‍’ തനിക്കറിയാമെന്ന് രാധാകൃഷ്ണന്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടത്രെ.

കഴിഞ്ഞ ഇടതുഭരണ കാലത്തെ അഴിമതി മാത്രമല്ല അതിന് മുന്‍പത്തെ യുഡിഎഫ് ഭരണ കാലത്ത് നടന്ന ക്രമക്കേടും സിബിഐ അന്വേഷണ പരിധിയില്‍ വരുമെന്നതിനാല്‍ അന്നും വ്യവസായിക മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയെ അന്വേഷണം പ്രതിരോധത്തിലാക്കുമെന്ന ഭയം സര്‍ക്കാരിനുമുണ്ട്.

രാഷ്ട്രീയ വൈരാഗ്യം മുന്‍നിര്‍ത്തി മുസ്ലീംലീഗ് നേതാവായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ കുരുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം സിബിഐയെ കരുവാക്കാനുള്ള സാധ്യതയും യുഡിഎഫ് നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയാണ് വി.എം രാധാകൃഷ്ണനെന്നും കുഞ്ഞാലിക്കുട്ടിയുടെ തണലിലാണ് അദ്ദേഹം തഴച്ച് വളര്‍ന്നതെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ ഏറ്റവും അധികം ക്ലീന്‍ ഇമേജുള്ളതും ഒരു ആരോപണത്തിലും പെടാത്തതും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മാത്രമായതിനാല്‍ അദ്ദേഹത്തെ കൂടി വിവാദത്തില്‍ പിടിച്ചിടുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ അപകടമാണെന്ന തിരിച്ചറിവ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളില്‍ ശക്തമാണ്.

മുന്‍ വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിന് വി.എം രാധാകൃഷ്ണന്‍ കോഴ നല്‍കുന്നതായ മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ നിലപാട് തള്ളി രംഗത്ത് വരാന്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രേരിപ്പിച്ചതും പ്രത്യാഘാതം ഭയന്നാണ്.

മലബാര്‍ സിമന്റ്‌സിലെ അഴിമതി ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണെങ്കില്‍ ബാര്‍ കോഴ കേസിലും സിബിഐ അന്വേഷണം ആകാമെന്ന നിലപാടിലാണ് മുസ്ലീം ലീഗ് നേതൃത്വം.

നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം പോലും ലീഗിനെ വരുതിയിലാക്കാന്‍ ആഭ്യന്തര വകുപ്പ് ഉപയോഗപ്പെടുത്തുമോയെന്ന ആശങ്കയും ലീഗ് നേതാക്കള്‍ക്കിടയിലുണ്ട്.

കോണ്‍ഗ്രസില്‍ നേതൃമാറ്റ പോര് അണിയറയില്‍ ശക്തമായ സാഹചര്യത്തില്‍ പ്രധാന ഘടകകക്ഷിയായ ലീഗിന്റെ പിന്‍തുണ ഏതെങ്കിലും ഒരു വിഭാഗത്തിന് അനിവാര്യമായതിനാല്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നത് ഏറെ സംശയത്തിന് ഇടനല്‍കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറി രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്നാണ് ‘ഐ’ ഗ്രൂപ്പിന്റെ ആവശ്യം.

Top