മലേഷ്യയുടെ എം എച്ച് 370 വിമാനം യു എസ് വെടിവെച്ചിട്ടതാകാമെന്ന് നിഗമനം

ലണ്ടന്‍: 239 യാത്രക്കാരുമായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 വിമാനം അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതാകാമെന്ന് ഫ്രഞ്ച് എയര്‍ ലൈന്‍സിന്റെ മുന്‍മേധാവി അഭിപ്രായപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച് തകര്‍ത്ത വിധത്തില്‍ മറ്റൊരു 9/11 ആക്രമണത്തിനായി വിമാനത്തെ റാഞ്ചിയേക്കാമെന്ന് ഭയന്നാണ് അമേരിക്കന്‍ സേന മലേഷ്യന്‍ വിമാനം റാഞ്ചിയശേഷം തകര്‍ത്തതെന്ന് പ്രോറ്റെസ് എയര്‍ലൈന്‍സിന്റെ മുന്‍ മേധാവിയും ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനുമായ മാര്‍ക് ഡുഗെയിന്‍ പറയുന്നു.

ഫ്രഞ്ച് ഗ്ലോസി പാരീസ് മാച്ച് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ആറ് പേജ് വരുന്ന ലേഖനത്തിലാണ് ഡുഗെയിന്‍ ഈ വാദമുഖം ഉന്നയിക്കുന്നത്. മലേഷ്യന്‍ അധികൃതരും രക്ഷാപ്രവര്‍ത്തകരും കാണാതായ വിമാനത്തിനായി കടലില്‍ തിരച്ചില്‍ നടത്തുന്ന സ്ഥലത്ത് നിന്നും വളരെ അകലെയാണ് വിമാനം തകര്‍ന്നു വീണതെന്നും ഡുഗെയിന്‍ അവകാശപ്പെടുന്നു. 239 യാത്രക്കാരുമായി പറക്കവെയാണ് മലേഷ്യയുടെ എം എച്ച് 370 വിമാനം കാണാതായത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദിഗോ ഗാര്‍സ്യ ദ്വീപിന് സമീപത്തായാണ് വിമാനം തകര്‍ന്ന് വീണതെന്നും അദ്ദേഹം പറയുന്നു. ‘വിമാന റാഞ്ചി വിമാനം റാഞ്ചിയിരിക്കാം.

2001 സെപ്തംബര്‍ 11 ല്‍ സംഭവിച്ചതു പോലെ മറ്റൊരു ഭീകരാക്രമണത്തിന് മുതിരുകയാണെന്ന് സംശയിച്ച അമേരിക്ക വിമാനത്തെ വെടിവെച്ചിടുകയായിരുന്നു’ അദ്ദേഹം പറഞ്ഞു. ദിഗോ ഗാര്‍സ്യ ദ്വീപില്‍ ബ്രിട്ടന് ഒരു സൈനിക താവളമുണ്ട്. ഈ ആരോപണം അമേരിക്ക നിഷേധിച്ചിട്ടുണ്ട്.

Top