ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ പൊട്ടലും ചീറ്റലും തുടരുന്നു. പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ അഞ്ജലി ദമാനിയ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ‘ആദര്‍ശങ്ങള്‍ കണക്കിലെടുത്താണ് അരവിന്ദ് കെജ്‌രിവാളിനെ വിശ്വസിച്ചതും പിന്താങ്ങിയതും, അല്ലാതെ കുതിരക്കച്ചവടത്തിനല്ല’ അഞ്ജലി ട്വീറ്റ് ചെയ്തു.
അഞ്ജലിയുടെ രാജി പ്രഖ്യാപനം കഴിഞ്ഞ് മിനിട്ടുകള്‍ക്കകം, പാര്‍ട്ടി വളണ്ടിയര്‍മാര്‍ക്ക് തുറന്ന കത്തുമായി യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും രംഗത്തുവന്നു. ‘പാര്‍ട്ടിയില്‍ ഇതുവരെ എന്താണ് നടന്നതെന്ന് ശാന്തതയോടെ ചിന്തിക്കാന്‍ ‘അവര്‍ പാര്‍ട്ടി വളണ്ടിയര്‍മാരോട് അഭ്യര്‍ഥിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പിന്തുണയോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കെജ്‌രിവാള്‍ ശ്രമം നടത്തിയിരുന്നുവെന്ന് പാര്‍ട്ടി വളണ്ടിയര്‍മാര്‍ക്ക് എഴുതിയ കത്തില്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും സൂചന നല്‍കി. തനിക്കും പ്രശാന്ത് ഭൂഷണും എതിരെ കെജ്‌രിവാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി ലോക്പാല്‍ അന്വേഷിക്കണമെന്ന് യാദവ് ആവശ്യപ്പെട്ടു.
യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ ശ്രമിച്ചതായി, മുഖ്യമന്ത്രി കെജ്‌രിവാളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന നാല് നേതാക്കള്‍ ചൊവ്വാഴ്ച ആരോപിച്ചിരുന്നു. ഇതിന് തങ്ങള്‍ മറുപടി പറയുന്നില്ലെന്നും സത്യം മുഴുവന്‍ താമസിയാതെ പുറത്ത് വരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
മാര്‍ച്ച് നാലിന് ചേര്‍ന്ന് എ എ പി ദേശീയ നിര്‍വാഹക സമിതി യോഗം ഭൂഷണ്‍, യാദവ് എന്നിവരെ പാര്‍ട്ടിയുടെ പരമോന്നത നയരൂപവത്കരണ സമിതിയായ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.