മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ബിജെപി സര്‍ക്കാരിന്റെ ഭാഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ശിവസേന രംഗത്ത്. മന്ത്രിസഭയില്‍ രണ്ടിലൊന്ന് പങ്കാളിത്തം വേണമെന്നും എന്‍സിപിയുടെ പിന്തുണ നിരസിക്കണമെന്നുമുള്ള രണ്ട് നിബന്ധനകള്‍ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ മുന്നോട്ട് വച്ചു.സഖ്യകക്ഷികളെ സംബന്ധിച്ച അനിശ്ചിതത്ത്വം തുടരുന്നതിനിടെ നാളെ നടക്കുന്ന ബിജെപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

സീറ്റുകളുടെ പേരില്‍ തിരഞ്ഞെടുപ്പിന് മുന്‍പെ ബിജെപിയെ തള്ളിപ്പറഞ്ഞ മുഖപത്രത്തിലൂടെയാണ് അതേ പാര്‍ട്ടിയുമായ് വീണ്ടും സഖ്യത്തിന് ശിവസേന ഇന്ന് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രധാനമായും രണ്ട് ഉപാധികളാണ് ശിവസേന മുന്നോട്ട് വച്ചത്. മന്ത്രിസഭയില്‍ ശിവസേനയ്ക്ക് രണ്ടിലൊന്ന് മന്ത്രിമാര്‍ വേണം എന്നതാണ് ആദ്യത്തെ ഉപാധി. എന്‍സിപി വാഗ്ദാനം ചെയ്ത പിന്തുണ ബിജെപി തള്ളിക്കളയണം എന്നതാണ് രണ്ടാമത്തെ ഉപാധി .പിന്തുണ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള ശിവസേനയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

ബിജെപി സര്‍ക്കാറിന് എന്‍സിപി നേരത്തെ ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ട് തന്നെ ശിവസേനയുടെ പിന്തുണ ലഭിച്ചില്ലെങ്കിലും വോട്ടിംഗ് സമയത്ത് എന്‍സിപി എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കി ബിജെപി സര്‍ക്കാറിന് മുന്നോട്ട് പോകാനാകും. ഈ പശ്ചാത്തലത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ ശിവസേന തയ്യാറെടുക്കുന്നത്.

Top