മഹീന്ദ്ര സ്‌കോര്‍പിയോ പുതിയ പതിപ്പ് വിപണിയിലെത്തിച്ചു. പുതിയ ഷാസിയും സസ്‌പെന്‍ഷന്‍ സംവിധാനവുമാണ് സ്‌കോര്‍പ്പിയോയുടെ പ്രധാനമാറ്റം. കരുത്തുറ്റതും അധിക സുരക്ഷ വാഗ്ദാനം ചെയ്യുന്നതുമാണ് പുതിയ മോഡുലാര്‍ ഷാസി. കടുപ്പം കുറഞ്ഞതും യാത്രാസുഖം വര്‍ധിപ്പിക്കുന്നതുമാണ് മുന്‍ സസ്‌പെന്‍ഷന്‍. പിന്നിലെ ആക്‌സിലിനൊപ്പം ആന്റീറോള്‍ ബാറും നല്‍കിയിട്ടുണ്ട്. വീല്‍ ബേസില്‍ വ്യത്യാസമില്ലെങ്കിലും പഴയ സ്‌കോര്‍പിയോയെക്കാള്‍ വീതിയേറിയതാണ് പുത്തന്‍ പതിപ്പ്.
എക്സ്റ്റീരിയറില്‍ ഡോറുകളും റൂഫും ഒഴികെയുള്ളതെല്ലാം തന്നെ പുതിയത്. ക്രോം പൂശിയ ആധുനികരൂപമുള്ള ഗ്രില്‍ മുന്നില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ക്കൊപ്പം എല്‍ ഇ ഡികളും മഹീന്ദ്ര നല്‍കിയിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലുകളും ആകര്‍ഷകമാണ്. വീല്‍ ആര്‍ച്ചുകളുടെ രൂപത്തിലും മഹീന്ദ്ര കാര്യമായ പരിഷ്‌കാരം കൊണ്ടുവന്നിട്ടുണ്ട്.
118 ബി എച്ച് പി കരുത്ത് പകരുന്ന 2.2 ലിറ്റര്‍ എംഹോക് ടര്‍ബോ ഡീസല്‍ എന്‍ജിനില്‍ മാറ്റമില്ല. വിലകുറഞ്ഞ വേരിയന്റുകള്‍ക്ക് എം 2 ഡി ഐ സി ആര്‍ എന്‍ജിന്‍ കരുത്തുനല്‍കും. അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും പുതുമയുണ്ട്.
പുത്തന്‍ ഡാഷ്‌ബോര്‍ഡും ബ്രാണ്ട് ന്യൂ സീറ്റുകളുമാണ് ഇന്റീരിയറിലുള്ളത്. പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ ഡോറിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. എക്‌സ് യു വി 500 ല്‍നിന്ന് സ്വീകരിച്ച ആറിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ജി പി എസ്, ടയറുകളുമായി ബന്ധിപ്പിച്ച ടെമ്പറേച്ചര്‍, പ്രഷര്‍ സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. സീറ്റുകളുടെ കനംകുറഞ്ഞ് മിഡില്‍ റോയിലെ സ്ഥലസൗകര്യം മഹീന്ദ്ര വര്‍ധിപ്പിച്ചിട്ടുണ്ട്.
വിവിധ വേരിയന്റുകളുടെ മുംബൈയിലെ എക്‌സ് ഷോറൂം വില ഇവയാണ്: എസ് 2: 7.9 ലക്ഷം, എസ് 4: 8.6 ലക്ഷം, എസ് 6: 9.7 ലക്ഷം, എസ് 8: 10.8 ലക്ഷം, എസ് 10: 11.4 ലക്ഷം.