മഹീന്ദ്ര 4000 കോടി ചെലവില്‍ വമ്പന്‍ നിര്‍മാണ ശാല തുറക്കുന്നു

പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തമിഴ്‌നാട്ടില്‍ വമ്പന്‍ നിര്‍മാണ ശാല തുറക്കുന്നു. കമ്പനിയുടെ പുതിയ മോഡലുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് കാഞ്ചീപുരം ജില്ലയിലെ സെയ്യാറില്‍ 255 ഏക്കറില്‍ 4000 കോടി രൂപ മുടക്കി ഭീമന്‍ പ്ലാന്റ് നിര്‍മിക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായാണ് കമ്പനി നാലായിരം കോടി രൂപ നിക്ഷേപിക്കുക. ഏഴു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ണ സജ്ജമാക്കാനാണ് തീരുമാനം. ഇന്ത്യയിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏറ്റവും വലിയ രണ്ടാമത്തെ പ്ലാന്റായിരിക്കും ഇത്.

ആദ്യഘട്ടത്തില്‍ ടെസ്റ്റ് ട്രാക്ക് സംവിധാനവും രണ്ടാം ഘട്ടത്തില്‍ സജ്ജമായ വാഹനനിര്‍മാണശാലയുമാണ് മഹീന്ദ്രയുടെ പദ്ധതിയെന്ന് കമ്പനി ഓട്ടോമൊബൈല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പവാന്‍ ഗോയെങ്ക പറഞ്ഞു.

ഭൂമി അനുവദിച്ചു കിട്ടിയ സാഹചര്യത്തില്‍ ഉടനടി നിര്‍മാണം തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വിപണിയിലേക്കും വിദേശവിപണിയിലേക്കുമുള്ള വാഹനങ്ങള്‍ ഇവിടെ നിര്‍മിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.

Top