മാഞ്ചിയെ ബിജെപി പിന്‍തുണയ്ക്കുന്നതിനെതിരെ ശിവസേന

മുംബൈ: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയ്ക്ക് ബിജെപി പിന്‍തുണ നല്‍കുന്നതിനെതിരെ ശിവസേന. മാഞ്ചിയെ പിന്തുണയ്ക്കുന്നത് വലിയ പാപമാകുമെന്ന് ശിവസേന പറയുന്നു. ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് മാഞ്ചിയെ പിന്‍തുണയ്ക്കുന്നതിരായ പരാമര്‍ശം വന്നിരിക്കുന്നത്.

അധികാരത്തിലേറിയ ദിവസം മുതല്‍ തന്നെ പരിചയമില്ലാത്ത രാഷ്ട്രീയകാരനെപ്പോലെയായിരുന്നു മാഞ്ചിയുടെ പെരുമാറ്റം. അഴിമതിയെ തുറന്നു പിന്‍തുണയ്ക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാറിനെതിരായ ഒരായുധമാണ് ബിജെപിക്ക് മാഞ്ചി. അദ്ദേഹത്തെ പിന്‍തുണയ്ക്കുന്നത് രാഷ്ട്രീയത്തിന്റെ ഇരുണ്ടവശത്തെ പിന്‍തുണയ്ക്കുന്നതിന് തുല്യമാണ്. അതൊരു പാപമാണ് -സാമ്‌നയില്‍ പറയുന്നു.

ബിഹാറില്‍ നിതീഷ് കുമാറിനെതിരായി നിന്നാണ് മാഞ്ചി ബിജെപിയുമായി കൂട്ടുചേരാന്‍ ഒരുങ്ങുന്നത്. തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന് ഇരുവശവും ഒരുപോലെ അവകാശപ്പെടുന്നത്. തനിക്ക് 130 എംഎല്‍എമാരുടെ പിന്‍തുണയുണ്ടെന്ന് തെളിയിക്കുന്നതിനായി ഇവരെ രാഷ്ട്രപതിക്കു മുന്നില്‍ നിതീഷ് ഹാജരാക്കിയിരുന്നു.

Top