ബാര്‍ കോഴക്കേസ്‌: മാണിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കുമെതിരെ ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. പദവിയില്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം മാണിയുടെ മനസാക്ഷിക്ക് വിടുന്നതായും ഹൈക്കോടതി.

സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. കേസില്‍ ജനങ്ങള്‍ക്ക് സംശയം തോന്നുന്ന രീതിയില്‍ ഒന്നുമുണ്ടാകരുത്. ഈ കേസില്‍ മന്ത്രിയാണ് ആരോപണ വിധേയന്‍. പദവിയില്‍ തുടരുന്നത് സംശയത്തിനിട നല്‍കും. അന്വേഷണം സത്യസന്ധമായിരിക്കണമെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസില്‍ തുടരന്വേഷണം നടക്കുന്നതില്‍ എന്തുകൊണ്ടാണ് ഇത്ര ആശങ്കയെന്ന് ചോദിച്ച കോടതി, പൊതു ജനങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ കോടതിക്കും ആശങ്കയുണ്ടെന്ന് പറഞ്ഞു.

ജസ്റ്റീസ് കമാല്‍പാഷയാണ് കേസില്‍ വിധി പറഞ്ഞത്. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള മന്ത്രി കെ.എം മാണിക്കേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഹൈക്കോടതി വിധി.

കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും കോടതി കടുത്ത വിമര്‍ശനം നടത്തി. ഡയറക്ടര്‍ കൃത്യമായി തെളിവ് പരിശോധിച്ചില്ലെന്നും തുടരന്വേഷണത്തിന് ഡയറക്ടര്‍ക്ക് ഉത്തരവിടാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ക്ക് നടപടി ക്രമങ്ങളില്‍ പിഴവ് പറ്റി. ഡയറക്ടര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചെന്നും കൃത്യമായി തെളിവുകള്‍ പരിശോധിക്കാതെ സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ അടിച്ചേല്‍പ്പിച്ചെന്നും കോടതി കുറ്റപ്പെടുത്തി.

വിധി പ്രസ്താവത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങളും അരങ്ങേറി. ബാര്‍കോഴയ്ക്ക് തെളിവുണ്ടെന്നും അന്വേഷണം തുടരണമെന്ന എസ്.പിയുടെ നിലപാട് ശരിയെന്നും കോടതി പറഞ്ഞു. എന്നാല്‍ തെളിവുണ്ടെന്ന് പറഞ്ഞതിനെ എ.ജിയും സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബലും എതിര്‍ത്തു. എതിര്‍പ്പിനെത്തുടര്‍ന്ന് ഈ ഭാഗം ഹൈക്കോടതി ഒഴിവാക്കി.

കേസിന്റെ സ്ഥിതി വിവര റിപ്പോര്‍ട്ട് വിളിച്ചുവരുത്തിയതില്‍ തെറ്റില്ലെന്നും റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിക്ക് പരിശോധിക്കാമെന്നും കോടതി നിരീക്ഷിച്ചു. വസ്തുതാ വിവര റിപ്പോര്‍ട്ട് കേസ് ഡയറിയുടെ ഭാഗമല്ലെന്ന സര്‍ക്കാര്‍ നിലപാടും ഹൈക്കോടതി തള്ളി.

മന്ത്രി മാണിക്ക് എതിരെയുളള ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആകാമെന്നും, തുടരന്വേഷണ ചുമതല വിജിലന്‍സ് എസ്.പി സുകേശന്‍ തന്നെ നിര്‍വഹിക്കണമെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കുകയോ, സ്‌റ്റേ അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ കോടതി വിധി യു.ഡി.എഫ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

Top