തിരുവനന്തപുരം: ബാര്‍ കോഴ ആരോപണക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ തുടര്‍ സമരത്തെ സംബന്ധിച്ച് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് ആറിന് എല്‍ഡിഎഫ് വീണ്ടും യോഗം ചേരും.
മാണിക്കെതിരായ സമരം ശക്തമാക്കണമെന്ന് യോഗത്തില്‍ സി.പി.ഐ നിലപാട് വ്യക്തമാക്കി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണിക്കെതിരെ സമരവും പ്രചരണങ്ങളും തുടങ്ങേണ്ടിയിരുന്നു. എന്നാല്‍ വൈകിയാണ് സമരപരിപാടികളിലേക്ക് മുന്നണി കടന്നത്. ഇത് ഇനി ആവര്‍ത്തിക്കരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് എന്തുവില കൊടുത്തും തടയണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് അകത്തും പുറത്തും മാണിക്കെതിരെ പ്രക്ഷോഭം വേണമെന്ന അഭിപ്രായത്തിന് യോഗത്തില്‍ പിന്തുണ ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് സമരരീതി തീരുമാനിക്കുന്നതിന് മാര്‍ച്ച് ആറിന് യോഗം ചേരാമെന്ന തീരുമാനത്തില്‍ യോഗം എത്തിയത്.