മാണിക്കെതിരെ ജോര്‍ജ് നല്‍കിയ കത്ത് കണ്ട് ഞെട്ടിപ്പോയി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളൊന്നും ഭരണത്തെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളിലൊന്നും ഒരു വീഴ്ച വരുത്തുന്നില്ല. വിവാദങ്ങളുടെ പുറകെ മാത്രം പോവില്ലെന്നും മുഖ്യമന്ത്രി.

മാണിക്കെതിരെ ജോര്‍ജ് നല്‍കിയ കത്തു കണ്ട് ഞെട്ടിപ്പോയെന്നും ഇക്കാര്യങ്ങളൊന്നും ജോര്‍ജ് മുമ്പ് തന്നോടു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിനെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദേഹം പറഞ്ഞു. പി. സി. ജോര്‍ജിനെ പുറത്താക്കണമോയെന്ന് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണെണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണു യെമനില്‍ നിന്നും 1903 മലയാളികളെ തിരികെയെത്തിക്കാന്‍ സാധിച്ചതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ വന്നിറങ്ങിയ മറ്റു സംസ്ഥാനക്കാര്‍ക്കും 2,000 രൂപ വീതം നല്‍കിയെന്നും അദേഹം പറഞ്ഞു. യെമനില്‍ നിന്നും തിരികെയെത്താനാഗ്രഹിക്കുന്ന അവസാനത്തെയാളെയും തിരികെ കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യെമനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന കാരണത്താല്‍ മലയാളി നേഴ്‌സുമാരെ മടക്കി അയക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നും വിദൂര ഗ്രമങ്ങളിലുള്ളവര്‍ക്കു സനയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top