മാണിക്ക് പിന്‍തുണ: സഭയില്‍ കടുത്ത ഭിന്നത

തിരുവനന്തപുരം: ബാര്‍കോഴയുടെ കാര്യത്തില്‍ ക്രൈസ്തവ സഭയില്‍ ഭിന്നത രൂക്ഷമാകുന്നു. കോഴക്കേസില്‍ അന്വേഷണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയെ ഒരു വിഭാഗം സഭാമേലധ്യക്ഷന്മാര്‍ പിന്‍തുണയ്ക്കുമ്പോള്‍ കേസില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സഭയെ കൂട്ടുപിടിച്ച് നിലനില്‍പിനായി മാണി നീക്കം നടത്തുന്നതിനിടെയാണ് സഭയില്‍ തന്നെ ഭിന്നത ഉടലെടുത്തത്.

മാണിയെ പിന്‍തുണച്ച് വെള്ളിയാഴ്ച വീക്ഷണം പത്രത്തില്‍ ബിഷപ് പവ്വത്തില്‍ ലേഖനം എഴുതിയിരുന്നു. എന്നാല്‍ കേസ് അന്വേഷണ പരിധിയിലായതിനാല്‍ സഭ അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ പറഞ്ഞത്. തിരുവനന്തപുരം ബിഷപ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുന്നണിയിലും പാര്‍ട്ടിയിലും നാള്‍ക്കുനാള്‍ മാണി ഒറ്റപ്പെടുന്നതിനിടെ സഭയുടെ പിന്‍തുണയോടെ പിടിച്ചുനില്‍ക്കാനാണ് മാണിയുടെ പുതിയ നീക്കം. ഇതേതുടര്‍ന്നാണ് മാര്‍ പവ്വത്തില്‍ മാണിയെ പിന്‍തുണച്ച് ലേഖനം എഴുതിയത്. എന്നാല്‍ കേസന്വേഷണം പൂര്‍ത്തിയാകുംമുമ്പേ അഭിപ്രായം പറയുന്നത് സഭയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന അഭിപ്രായത്തിലാണ് ഒരു വിഭാഗം. ഇതോടെ സഭയെ കൂട്ടുപിടിച്ചുള്ള മാണിയുടെ നീക്കം വിജിയിക്കാനിടയില്ല.

അതിനിടെ, ഒരു വിഭാഗം ബാറുടമകളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് കെസിബിസി മദ്യവിരുദ്ധ സമരം നടത്തുന്നതെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ സഭയിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ബിജു ക്രൈസ്തവ സഭകളെ പൂര്‍ണമായും പ്രതികൂട്ടിലാക്കിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിനെതിരെ കെസിബിസിയുടെ ഉത്തരവാദപ്പെട്ടവരാരും ഇതുവരെ രംഗത്തുവന്നിട്ടില്ല.

Top