മാണിയുടെ പിടിവാശിക്ക് മുമ്പില്‍ കുടുങ്ങുന്നത് മന്ത്രി ഷിബു അടക്കം അഞ്ച് എം.എല്‍.എമാര്‍

തിരുവനന്തപുരം: പ്രതിപക്ഷ വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ ഭരണപക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കും. പൊലീസാണോ അതോ കോടതി നേരിട്ടാണോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എന്നത് മാത്രമാണ് ഇനി വ്യക്തമാവാനുള്ളത്.

മന്ത്രി ഷിബു ബേബി ജോണ്‍, എം.എല്‍.എമാരായ ശിവദാസന്‍ നായര്‍, എം.എ വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, എ.ടി ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെ പ്രതിപക്ഷ എം.എല്‍.എമാരായ ജമീല പ്രകാശം, കെ.കെ ലതിക, ബിജിമോള്‍, ഗീത ഗോപി, കെ.എസ് സലീഖ എന്നിവരുടെ പരാതിയിലാണ് നടപടിയുണ്ടാകുക.

പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം നടപടിയുണ്ടായില്ലെങ്കിലേ കോടതിയെ സമീപിക്കുവാന്‍ കഴിയൂ എന്ന നിയമോപദേശം മുന്‍ നിര്‍ത്തിയാണ് വനിതാ എം.എല്‍.എമാരുടെ കരുനീക്കം.

നിയമസഭയിലെ ദൃശ്യങ്ങള്‍ സഹിതം തെളിവാക്കിയും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കിയും നല്‍കുന്ന പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് പ്രതികൂട്ടിലാകും.

ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമപ്രകാരം പരാതിക്കാരിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഈ നിയമം പാലിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അതുകൊണ്ട് തന്നെ വനിതാ എം.എല്‍. എമാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാല്‍ ‘പണികിട്ടു’മോയെന്ന ഭീതി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.

പെലീസില്‍ പരാതി നല്‍കിയ ശേഷം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം. ഇങ്ങനെ വന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 341,354,323 വകുപ്പുകള്‍ പ്രകാരം മന്ത്രിയടക്കം ഭരണപക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുക്കേണ്ടി വരും.

അന്യായമായി തടഞ്ഞ് നിര്‍ത്തിയതിന് ഐ.പി.സി 341-ാം വകുപ്പും, മര്യാദ ലംഘിച്ച് പെരുമാറിയതിന് ഐ.പി.സി 354ഉം കൈകൊണ്ട് അടിച്ചതിന് ഐ.പി.സി 323 വകുപ്പുകളിലുമാണ് നടപടി ഉണ്ടാവുക. യു.ഡി.എഫ് സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ വെല്ലുവിളിയാണ് ഈ നടപടിമൂലം അഭിമുഖീകരിക്കേണ്ടി വരിക.

എം.എല്‍.എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയതാല്‍ അവരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം ശക്തമാകുമെന്ന ആശങ്കയും ഭരണപക്ഷത്തിനുണ്ട്. അടുത്ത തെരഞ്ഞെടുപ്പുവരെ പ്രതിഷേധം നിലനിര്‍ത്താന്‍ ഇതുവഴി പ്രതിപക്ഷത്തിന് കഴിയുകയും ചെയ്യും.

ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പ്രതിപക്ഷ എം.എല്‍.എമാരുടെ പരാതിയില്‍ കേസെടുക്കുകയാണെങ്കില്‍ ശിവദാസന്‍ നായരെ കടിച്ചതിന് ജമീല പ്രാകാശത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യം യു.ഡി.എഫ് ഉന്നയിക്കും.

മാത്രമല്ല നിയമസഭയില്‍ അതിക്രമം കട്ടിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.എല്‍.എമാരെ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാക്കാനും ഭരണതലത്തില്‍ തീരുമാനമായിട്ടുണ്ട്.

വനിതാ എം.എല്‍.എമാര്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ പ്രതികളാകുന്ന ഭരണപക്ഷ എം.എല്‍.എമാരുടെ രാജിയാവശ്യപ്പെടുന്ന പ്രതിപക്ഷത്തിനെ തിരിച്ചടിക്കാനും പ്രതിരോധത്തിലാക്കാനും വേണ്ടിയാണിത്.

അതേസമയം നിയമസഭയ്ക്ക് അകത്തെ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന വനിതാ എം.എല്‍.എമാരുടെ പരാതിക്ക് മേല്‍ കണ്ണടച്ച സ്പീക്കര്‍ ശക്തനെതിരെ കോടതിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്ന ആശങ്ക ഭരണപക്ഷ നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

നിയമ സഭയാണെങ്കിലും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നാല്‍ അത് പൊലീസിനെ അറിയിക്കാതിരിക്കുന്നതും കുറ്റം തന്നെയാണെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്പീക്കറെയും പ്രതികൂട്ടിലാക്കി പ്രതിപക്ഷം നിയമ നടപടിക്കൊരുങ്ങിയാല്‍ ശക്തനും ‘അശക്ത’നാകും. രാജ്യത്തെ നിയമ നിര്‍മ്മാണസഭകള്‍ക്കുമേല്‍ കോടതിയുടെ ഇടപെടല്‍ ക്ഷണിച്ചു വരുത്തുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് പ്രമുഖ സുപ്രീംകോടതി അഭിഭാഷകരും ചൂണ്ടികാട്ടുന്നത്.

പ്രതിപക്ഷ പരാതിയില്‍ ഗവര്‍ണര്‍ തന്നെ ഇടപെട്ട് സര്‍ക്കാരിന് നിര്‍ദേശം നല്‍കാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല.

Top