തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ എം മാണിയുടെ രാജി അനിവാര്യമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാണി കുറ്റവാളിയല്ലെന്ന് അന്തിമമായി വിധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലല്ല രാജി ആവശ്യപ്പെടുന്നതെന്നും വ്യക്തിപരമായ നൈതികതയും രാഷ്ട്രീയ സത്യസന്ധതയുമാണ് ഈ വിഷയത്തില്‍ മാണി കൈക്കോള്ളേണ്ടതെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
ഭരണതലത്തിലിരിക്കുന്നവര്‍ക്കെതിരെ കോടതി പരാമര്‍ശമുണ്ടാകുമ്പോള്‍ രാജിവെക്കുക എന്നത് പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിലെ നടപ്പ് രീതിയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
മാണിയ്ക്ക് നിയമത്തോടും കോടതി വിധിയോടുമുള്ള ബഹുമാനം ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയ ഭാവിക്കും രാജി കൂടിയേ തീരൂവെന്നും മുഖപത്രത്തില്‍ പറയുന്നു.
കച്ചിതുമ്പുകള്‍ക്കോ മുടന്തന്‍ ന്യായങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല. യു.ഡി.എഫ് കൂട്ടായ്മയും വിശ്വാസ്യതയും സംരക്ഷിക്കുന്നതില്‍ കെ.എം. മാണി വിമുഖത പ്രകടിപ്പിക്കില്ലെന്ന് വിശ്വസിക്കുന്നു. അനിവാര്യമായത് അനിവാര്യമായ ഘട്ടത്തില്‍ ചെയ്യാത്തവരെയാണ് ചരിത്രം കുറ്റക്കാരെന്ന് വിളിക്കുന്നതെന്ന് മുഖപ്രസംഗം പറയുന്നു.