തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധനമന്ത്രി കെ.എം മാണിക്ക് അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മാണി ഉടന്‍ രാജിവയ്ക്കണം. അല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മാണി അധികാരത്തില്‍ തുടര്‍ന്നു കൊണ്ട് നടക്കുന്ന അന്വേഷണം പ്രഹസനമാണ്. ഒരു അന്വേഷണ പ്രഹസനമല്ല കോടതി വിധിച്ചിട്ടുള്ളത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എക്‌സൈസ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കെതിരെയും ഈ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഭാഗികമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ സമ്മര്‍ദമുണ്ടായി എന്ന് കോടതിക്ക് മനസിലായതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ഇടപെടരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. വിജിലന്‍സ് കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസഭയിലുണ്ടാകാന്‍ പാടില്ല. വിജിലന്‍സ് കേസില്‍ പ്രതിയായതിന്റെ പേരില്‍ ബാലകൃഷ്ണപിള്ളയെയും മറ്റും മന്ത്രിസഭയില്‍ നിന്നും ഉമ്മന്‍ചാണ്ടി തന്നെ മാറ്റി നിര്‍ത്തിയ ചരിത്രമുണ്ടെന്നും കോടിയേരി വ്യക്തമാക്കി.