മാണിയെ രക്ഷിക്കാന്‍ ഡെപ്യൂട്ടി സ്പീക്കറും ആഭ്യന്തരമന്ത്രിയും ഗൂഢാലോചന നടത്തി: വി.എസ്

തിരുവനന്തപുരം:മന്ത്രി കെ.എം മാണി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയെ രക്ഷിക്കാന്‍ ഡെപ്യൂട്ടി സ്പീക്കറും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തി. ഇതിന്റെ ദ്യശ്യങ്ങള്‍ ഉണ്ടെന്നും വി.എസ് പറഞ്ഞു. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സര്‍ക്കാര്‍ താഴെ വീഴുമെന്നതിനാലാണ് മാണി്‌ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. മാണിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നത്. മാണിക്കെതിരെ നടപടി എടുത്താല്‍ അവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഭയക്കുകയാണെന്നും വി.എസ് പറഞ്ഞു.

സംസ്ഥാന, കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തെയും വി.എസ് വിമര്‍ശിച്ചു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും കൂടി അദ്ദേഹത്തെ ഉപദേശിച്ച് ഉപദേശിച്ച് ഇന്ത്യയെ ടാറ്റയ്ക്കും ബിര്‍ളയ്ക്കും വിറ്റു. ആ രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഉപദേശം നല്‍കി കൊണ്ടിരിക്കുന്നത്. അഴിമതി കേസ് തേച്ചുമായ്ച്ചു കളയാന്‍ കെ.പി.സി.സിയും എ.ഐ.സി.സിയും ശ്രമിക്കുകയാണെന്നും വി.എസ് ആരോപിച്ചു.

Top