മാണി കീഴടങ്ങിയത് സ്വന്തം പാര്‍ട്ടിയും കൈവിട്ടപ്പോള്‍; നിലനില്‍പ്പ് തൃശങ്കുവില്‍

തിരുവനന്തപുരം: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജിവയ്ക്കാന്‍ മാണിയെ നിര്‍ബന്ധിതനാക്കിയത് എല്ലാവാതിലും അടഞ്ഞതിനാല്‍. മാണി കോണ്‍ഗ്രസ്സിലെ വേണ്ടപ്പെട്ടവരല്ലാതെ സ്വന്തം പാര്‍ട്ടിക്കാര്‍ മുതല്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ ഒന്നാകെ രാജിക്ക് മുറവിളി തുടങ്ങിയതിനാല്‍ മറ്റൊരുവഴിയും മാണിയുടെ മുന്നിലില്ലായിരുന്നു.

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ വീണാലും വേണ്ടില്ല മാണി പുറത്താകണമെന്ന കര്‍ക്കശ നിലപാട് സ്വീകരിച്ചത് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ എംഎല്‍എ എന്നിവരടക്കമുള്ള കോണ്‍ഗ്രസ്സ് നേതൃത്വമാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകങ്ങളില്‍പോലും കനത്ത പ്രഹരമേല്‍ക്കേണ്ടിവന്ന മുസ്ലീംലീഗും ആര്‍എസ്പിയും ജനതാദള്‍ (യു) വുമടക്കമുള്ള മുഴുവന്‍ ഘടകക്ഷികളും മാണിയുടെ രാജിവേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് നിലനില്‍പ്പ് അപകടത്തിലാക്കാനില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചു.

ഹൈക്കോടതിയുടെ ‘സീസര്‍’ പരാമര്‍ശമാണ് മാണിക്കെതിരെ നിലപാടെടുക്കാന്‍ ഘടകകക്ഷികളെ പ്രേരിപ്പിച്ചത്.

പൊതുസമൂഹത്തില്‍ കോടതി വിധി ഉണ്ടാക്കിയ പ്രതിധ്വനി കണ്ടില്ലെന്ന് നടിച്ചാല്‍ ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമാവശേഷമാകുമെന്ന ഭയവും യുഡിഎഫില്‍ ശക്തമായിരുന്നു.

മാണിക്കെതിരെ എന്ത് നിലപാട് സ്വീകരിച്ചാലും കേരള കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി മാണിക്കൊപ്പമുണ്ടാകില്ലെന്ന സൂചന ഹൈക്കോടതി വിധി വന്ന ഉടനെ തന്നെ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം കെപിസിസി പ്രസിഡന്റിന് കൈമാറുകയും ചെയ്തിരുന്നു.

യുഡിഎഫ് വിട്ടാല്‍ മറ്റൊരു മുന്നണിയിലേക്കും പ്രവേശിപ്പിക്കില്ലെന്നതും ഒറ്റയ്ക്ക് നിന്നാല്‍ പൊടിപോലും കിട്ടില്ലെന്ന യാഥാര്‍ത്ഥ്യവും ഒപ്പമുള്ള നേതാക്കള്‍ തന്നെ മാണിയെ ബോധ്യപ്പെടുത്തിയതോടെയാണ് മാണിക്ക് തിരിച്ചറിവുണ്ടായത്. തുടര്‍ന്നാണ് രാജിക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണയായത്. ജോസഫ് വിഭാഗം വേണ്ടിവന്നാല്‍ പാര്‍ട്ടി വിട്ട് പോകാനും തയ്യാറാണെന്ന നിലപാട് സ്വീകരിച്ചതും മാണിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

‘വെടക്കാക്കി തനിച്ചാക്കുക’ എന്ന കോണ്‍ഗ്രസ്സ് തന്ത്രം മൂലമാണ് തനിക്ക് ഈ ഗതി വന്നതെന്ന് വികാരാധീനനായി മാണി നേതാക്കളോട് പൊട്ടിത്തെറിച്ചിട്ടുണ്ട്.

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും മാണിയുടെ അടുത്ത നീക്കമെന്താകുമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ആശങ്കയുണ്ട്.

Top