മാനഭംഗക്കേസ് പ്രതിയെ തല്ലിക്കൊന്ന സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍

ദിമാപൂര്‍: നാഗാലന്‍ഡില്‍ പീഡനക്കേസിലെ പ്രതിയെ തല്ലിക്കൊന്ന സംഭവത്തില്‍ 18 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാഗാലന്‍ഡ് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണിത്. ഫരീദ് ഖാനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് 14 പേരെ പൊലീസ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.പിയും ജയില്‍ മേധാവിയും അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ശനിയാഴ്ച നാഗാലാന്‍ഡ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അസാം സ്വദേശിയും ദിമാപ്പൂരിലെ വ്യാപാരിയുമായ സയിദ് ഫരീദ് ഖാന്‍(35) ആണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇയാളുടെ മൃതദേഹം ശനിയാഴ്ച സ്വന്തം ദേശമായ കരിംഗഞ്ജിലേക്ക് കൊണ്ടുപോയി. അതേസമയം സംഭവത്തെ തുടര്‍ന്ന് നാഗാലന്‍ഡില്‍ പലയിടത്തും ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ല. കരിംഗഞ്ജ് അടക്കമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.

അതിനിടെ മാനഭംഗം പുറത്തു പറയാതിരിക്കാന്‍ ഫരീദ് ഖാന്‍ 5000 രൂപ നല്‍കിയെന്ന് പീഡനത്തിനരയായ സ്ത്രീ ഒരു ദേശീയ ചാനലിനോട് വെളിപ്പെടുത്തി. അയാള്‍ തന്റെ അയല്‍വാസി ആയിരുന്നു. പണം വാങ്ങിയ താന്‍ അതുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നെന്നും സ്ത്രീ പറഞ്ഞു.

Top