മാരകരോഗങ്ങള്‍ തുടക്കത്തില്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: മാരകരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. കാന്‍സറും ഹൃദ്രോഗവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക ഗവേഷണങ്ങള്‍ നടത്തുന്നത് ഗൂഗിള്‍ എക്‌സ് ലാബിലെ ജീവശസ്ത്ര സംഘമാണ്.

ശരീരത്തില്‍ ധരിക്കുന്ന സെന്‍സറുകളിലൂടെ രോഗങ്ങള്‍ കണ്ടെത്താനാണ് ശ്രമം. പ്രത്യേകം തയ്യാറാക്കിയ മാഗ്‌നറ്റിക് നാനോപാര്‍ട്ടിക്കിള്‍സ് അടങ്ങിയ ഗുളിക കഴിക്കുന്നതിലൂടെയാണ് രോഗനിര്‍ണയം സാധ്യമാകുന്നത്. ഈ നാനോപാര്‍ട്ടിക്കിള്‍സ് രക്തത്തിലൂടെ സഞ്ചരിച്ച് രോഗലക്ഷണങ്ങള്‍ കണ്ടെത്തും. ശരീരത്തില്‍ ധരിച്ചിരിക്കുന്ന പ്രത്യേക സെന്‍സറിലൂടെ രോഗവിവരങ്ങള്‍ ലഭിക്കും. രക്തകണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ പൂര്‍ണമായും ഭേദപ്പെടുത്താവുന്ന മാരകരോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇതിലൂടെ സാധ്യമാകും.
പരീക്ഷണം ആദ്യഘട്ടത്തിലാണെങ്കിലും ഇതുവരെ മികച്ച ഫലമാണ് ലഭിച്ചതെന്ന് ഗൂഗിള്‍ പറഞ്ഞു.പത്തു വര്‍ഷത്തിനുള്ളില്‍ ഈ ആശയം പ്രാബല്യത്തിലാക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.

Top