മാലി ജയിലിലുള്ള റുബീനയുടെ മോചനത്തിനായി ഫേസ് ബുക്ക് കൂട്ടായ്മ

തിരുവനന്തപുരം: മാലിദ്വീപ് ജയിലില്‍ വിചാരണകൂടാതെ നാലരവര്‍ഷമായി തടവനുഭവിക്കുന്ന റുബീനയ്ക്കുവേണ്ടി ഫേസ് ബുക്ക് കൂട്ടായ്മ സജീവമാകുന്നു. നേരത്തേ മാലി ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് സ്വദേശി ജയചന്ദ്രന്‍ മൊകേരിക്കു വേണ്ടി രംഗത്തു വന്നവരുടെ നേതൃത്വത്തില്‍ തന്നെയാണ് ഈ കൂട്ടായ്മ. അതിനിടെ, റുബീനയുടെ ഉമ്മ ഷഫീഖ ബീവി മകളുടെ മോചനത്തിനിടപെടണമെന്നാവശ്യപ്പെട്ട് ഇന്ന് വീണ്ടും നിവേദനം നല്‍കും.
വര്‍ക്കലയ്ക്കടുത്ത ഇടവ ഓടയത്ത് പീടികയില്‍ മുസ്‌ളിം പള്ളിക്കു സമീപം വടക്കേതില്‍ ബുര്‍ഹാറുദ്ദീന്റെയും ഷഫീഖാ ബീവിയുടെയും മകളായ റുബീന സ്വന്തം കുഞ്ഞിനെ കൊന്നെന്ന കള്ളകേസിലാണ് ജയിലിലായത്. ഭര്‍ത്താവ് ജാബിര്‍ഹസ്സന്‍ മാലിക്കാരനാണ്. ഇയാളുടെ പരസ്ത്രീ ബന്ധത്തെ എതിര്‍ത്തതാണ് റുബീനയ്ക്കു വിനയായത്. ദുരൂഹസാഹചര്യത്തില്‍ പത്തുവയസ്സുള്ള കുഞ്ഞു മരിച്ചപ്പോള്‍ അത് റുബീനയുടെ തലയിലിടുകയായിരുന്നു. നാലര വര്‍ഷമായിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. ജയിലില്‍വച്ച് വിവാഹ മോചന സമ്മതപത്രത്തില്‍ ഒപ്പിട്ടുവാങ്ങിയതായും പരാതിയുണ്ട്.
മാലിസ്‌കൂളിലെ അധ്യാപകനായിരുന്ന ജയചന്ദ്രന്‍ മൊകേരി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്ന കള്ളക്കേസിലാണ് ജയിലിലായത്. ഫേസ്ബുക്കില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി സുഹൃത്തുക്കള്‍ രംഗത്തുവരികയായിരുന്നു. അതോടെ അധികാരികള്‍ ഉണര്‍ന്നു. ഒടുവില്‍ അദ്ദേഹം മോചിക്കപ്പെട്ടു. ജയിലിലായിരിക്കെ  ജയചന്ദ്രന്‍ റുബീനയുമായി സംസാരിച്ചിരുന്നു. അദ്ദേഹമാണ് ഈ വിവരവും സമൂഹത്തെ അറിയിച്ചത്. ഇദ്ദേഹം ജയിലില്‍വച്ച് റുബീയുമായി രണ്ട് തവണ സംസാരിച്ചിരുന്നു.  അതോടെയാണ് റുബീനയ്ക്ക് നീതി ലഭിക്കാനായി ഫേ
സ്ബുക്ക് കൂട്ടായ്മ പിറന്നത്.

Top