കൊച്ചി: മാവോയിസ്റ്റായതിന്റെ പേരില്‍ മാത്രം ഒരാളെ തടവില്‍ വയ്ക്കാനാവില്ലെന്ന കേരള ഹൈക്കോടതി വിധി രാജ്യത്തെ കോടതികളില്‍ സജീവ ചര്‍ച്ചാ വിഷയമാകും.
ഹൈക്കോടതിയുടെ ഈ വിധി മാവോയിസ്റ്റുകളെയും അമ്പരിപ്പിച്ചിരിക്കുകയാണ്. മാവോയിസ്റ്റായതിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിലും പൊലീസ് കസ്റ്റഡികളിലുമായി തടവില്‍ കഴിയുന്ന മുരളി കണ്ണമ്പിള്ളിയും രൂപേഷും അടക്കമുള്ള നിരവധി മാവോയിസ്റ്റുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഹൈക്കോടതി വിധി.
കേരള ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി തടവില്‍ കഴിയുന്ന രാജ്യത്തെ മറ്റ് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി മാവോയിസ്റ്റ് നേതൃത്വം ഉപയോഗപ്പെടുത്തുമെന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ മാത്രമെ ഒരാളെ കസ്റ്റഡിയില്‍ വയ്ക്കാവൂ എന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, അന്യായമായി മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടര്‍ ബോള്‍ട്ട് കസ്റ്റഡിയില്‍ വച്ച വയനാട് സ്വദേശി ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചതും സര്‍ക്കാരിന് പതിനായിരം രൂപ പിഴ വിധിച്ചതും കേരള സര്‍ക്കാരിനെ മാത്രമല്ല കേന്ദ്ര ആഭ്യന്തര വകുപ്പിനെയും ഞെട്ടിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ആശയ പ്രചാരണം ശക്തമാക്കാനും കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തന രംഗത്തിറങ്ങാനും കോടതി വിധി കാരണമാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.
മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ സുപ്രീംകോടതി നിര്‍ദേശം കൂടി പരിഗണിച്ചാണ് കേരള ഹൈക്കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത് എന്നതിനാല്‍ രാജ്യത്തെ മറ്റ് കോടതികളും ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.