തിരുവനന്തപുരം: കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണം സിപിഎം സംഘടന സമ്മേളനങ്ങളിലും സജീവ ചര്‍ച്ചാ വിഷയമാകുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്കല്‍ സമ്മേളനങ്ങളിലാണ് മാവോയിസ്റ്റ് ചര്‍ച്ച അരങ്ങ് തകര്‍ക്കുന്നത്.
പാര്‍ട്ടിയുടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ പ്രക്ഷോഭ സമരങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നതിനേയും ഏറ്റെടുത്ത സമരങ്ങള്‍ വിജയിപ്പിക്കാന്‍ പറ്റാത്തതിനേയും രൂക്ഷമായി വിമര്‍ശിക്കുന്ന പ്രതിനിധികളാണ് മാവോയിസ്റ്റ് ഇടപെടല്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിനെ പ്രതിരോധത്തിലാക്കുന്നത്.
മാവോയിസ്റ്റ് ആശയത്തെ അനുകൂലിക്കുന്നില്ലെങ്കിലും കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് വാര്‍ത്തകളില്‍ സജീവമാകുന്ന മാവോയിസ്റ്റ് നടപടി തീവ്രനിലപാടുകാരായ പാര്‍ട്ടി കേഡറുകളെ ആവേശഭരിതമാക്കുന്നത് ആശങ്കയോടെയാണ് സിപിഎം നേതൃത്വം കാണുന്നത്.
മുന്‍ കാലങ്ങളില്‍ പൊതു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് ഭരണകൂടത്തെ വിറപ്പിച്ചിരുന്ന ഡിവൈഎഫ്‌ഐ ഇപ്പോള്‍ കടലാസ് പുലിയായതും വിഭാഗീയതമൂലം അനവധി പാര്‍ട്ടി കേഡറുകളെ നഷ്ടടമായതും പാര്‍ട്ടിയുടെ അടിത്തറയെ ബാധിച്ചുവെന്ന വിലയിരുത്തലുകളും സംഘടനാ സമ്മേളനങ്ങളിലെ പൊതു ചര്‍ച്ചകളില്‍ ഇപ്പോള്‍ ഉയര്‍ന്ന് വരുന്നുണ്ട്. സംഘടനാ ബോധമില്ലാതെ, പാര്‍ലമെന്ററി വ്യാമോഹവുമായി അടുത്തയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തികള്‍ സിപിഎമ്മിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്ന വിമര്‍ശനവും ഇപ്പോള്‍ ശക്തമാണ്. സംസ്ഥാനത്ത് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളാണ് ഈ തകര്‍ച്ചക്ക് വഴിമരുന്നിട്ടതെന്നാണ് ആരോപണം. സമ്മേളനങ്ങളില്‍ ഉയര്‍ന്ന് വരുന്ന ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് നേതൃത്വം ചെയ്യുന്നത്.
ശക്തമായ ഇടത് ബദലിനായി ആഗ്രഹിക്കുന്ന അസംതൃപ്തരായ സിപിഎം അണികളെ ലക്ഷ്യമിട്ടാണ് മാവോയിസ്റ്റുകളുടെ അടുത്ത നീക്കമെന്ന ഉള്‍ഭയവും സിപിഎം നേതൃത്വത്തിനുണ്ട്. സായുധ സമരത്തിലൂടെ അധികാരം പിടിക്കുക എന്ന പ്രഖ്യാപിത നയം മാറ്റിവെച്ച് നേപ്പാള്‍ മാതൃകയില്‍ പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ മാവോയിസ്റ്റുകള്‍ തീരുമാനിച്ചാല്‍ അത് സിപിഎം ഉള്‍പ്പെടെയുള്ള രാജ്യത്തെ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയും ഭരണ കൂടത്തിന് വെല്ലുവിളിയുമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടേയും വിലയിരുത്തല്‍.
കാതികൂടം വിഷയം മുന്‍നിര്‍ത്തി നീറ്റാ ജലാറ്റിന്‍ കമ്പനി ഓഫീസ് ആക്രമിച്ചത് സൂചനയാണെന്നും ഇനിയും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രതികരിക്കുമെന്നുമുള്ള മാവോയിസ്റ്റ് മുന്നറിയിപ്പും സിപിഎം നേതൃത്വം ഗൗരവമായാണ് കാണുന്നത്. മാവോയിസ്റ്റ് ‘ഭീഷണി’ ചെറുക്കുന്നതിന് ‘യുക്തമായ’ നടപടി കൈക്കൊള്ളാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. വരുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും സംസ്ഥാന സമ്മേളനത്തിലും ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ശക്തമായ സമരം നടത്തുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നുമാണ് സൂചന.
ഫലത്തില്‍ പൊലീസിന് മാത്രമല്ല സിപിഎം നേതൃത്വത്തിനും കേരളത്തിലെ മാവോയിസ്റ്റ് ഇടപടല്‍ തലവേദനയാവുകയാണ് . കൊച്ചി ആക്രമണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.