തിരുവനന്തപുരം: സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യം കണക്കുകൂട്ടലിനും അപ്പുറമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ആധുനിക ആയുധങ്ങളുമായി കാടുകളില്‍ കറങ്ങുന്ന മാവോയിസ്റ്റുകള്‍ ഏത് നിമിഷവും നാട്ടിലിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പരിശീലനം ലഭിച്ച സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍കൂടി കേരളത്തില്‍ കേന്ദ്രീകരിച്ചിട്ടുള്ളതിനാല് മാവോയിസ്റ്റുകള്‍ക്കെതിരായ നീക്കം കരുതലോടെ ആവണമെന്നാണ് ഐബി ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
മാവോയിസ്റ്റുകളെ തുരത്താന്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള കേന്ദ്രസേനയെ നല്കാന് തയ്യാറാണെന്നാണ് കേന്ദ്ര നിലപാട്.
ഇടത്പക്ഷ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയുള്ള കേരളത്തിലെ ഭൂമിശാസ്ത്രപരമായ സാഹചര്യം മാവോയിസ്റ്റുകള്‍ക്ക് അനുകൂലമാണെന്ന വിലയിരുത്തലാണ് കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിലുള്ളത്. വെള്ള മുണ്ട വനത്തില്‍ പൊലീസുമായി ഏറ്റുമുട്ടാന്‍ മടികാണിക്കാതിരുന്ന മാവോയിസ്റ്റുകളുടെ അടുത്ത നീക്കം എന്താണെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉറ്റു നോക്കുന്നത്.
ഛത്തീസ്ഗഡ്,ഒഡീഷ,ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ സിആര്‍പിഎഫുമായി ഏറ്റുമുട്ടി പ്രധാന പ്രവര്‍ത്തകര്‍ മരിച്ചതിലുള്ള രോഷം നിരവധി പൊലീസുകാരെ കൊന്നുതീര്‍ത്ത മാവോയിസ്റ്റുകള്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്ത് ഭീതിവിതയ്ക്കുമോയെന്ന ഭയം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ശക്തമാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മാവോയിസ്റ്റുകള്‍ ടാര്‍ജെറ്റ് ചെയ്തതായി നേരത്തെ തന്നെ ഐ.ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൊച്ചിയിലും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണം അരങ്ങേറിയിരുന്നത്. ഇതേ തുടര്‍ന്ന് തിരച്ചിലിന് പോയ പൊലീസ് തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പ് കേരള പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ പിടികൂടാന്‍ കര്‍ണാടക- തമിഴ്നാട് ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ കാടുകളില്‍ സംയുക്ത തിരച്ചില്‍ നടത്തുന്നത്.
അതേസമയം വയനാട്ടിലെ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന നില്‍പ്പ് സമരവും അട്ടപപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട സാഹചര്യവും മാവോയിസ്റ്റുകള്‍ ആയുധമാക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ പടയെ തട്ടിക്കാണ്ടുപോകുന്ന ഉത്തരേന്ത്യന്‍ ശൈലി കേരളത്തില്‍ ആവര്‍ത്തിക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകുമോ എന്ന ആശങ്കയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.
മലയോരമേഖലകളില്‍ പൊതുപരിപാടികള്‍ക്ക് പോകുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശവും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് കൈമാറുമെന്നാണ് സൂചന. വിഐപികളുടെ പരിപാടികള്‍ കനത്ത പൊലീസ് നിരീക്ഷണത്തിലാക്കാനും അണിയറയില്‍ ആലോചനയുണ്ട്.