സൂറിച്ച്: മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. പുരസ്‌കാരത്തിനായി മത്സരിക്കുന്നത് ലിയോണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മാനുവല്‍ ന്യൂയര്‍ എന്നിവരാണ് . സൂറിച്ചില്‍ ഇന്ത്യന്‍ സമയം രാത്രി 11ന് ശേഷമാണ് പുരസ്‌കാര പ്രഖ്യാപനം.
ഫിഫബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ആദ്യമായി ഒരു ഗോള്‍കീപ്പര്‍ അവകാശിയാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ജര്‍മനിയെ ലോകചാംപ്യന്മാരും ബയേണ്‍ മ്യൂണിക്കിനെ ബുണ്ടസ്ലീഗ വിജയികളും ആക്കിയ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ മെസ്സി-റൊണാള്‍ഡോ ദ്വയത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
യുവേഫ ചാംപ്യന്‍സ് ലീഗും സ്പാനിഷ് ലീഗും ഉള്‍പ്പെടെ 4 കിരീടങ്ങള്‍ റയല്‍ മാഡ്രിഡിലെത്തിച്ചതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പട്ടികയിലെത്തിച്ചത്. ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിക്കുയും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്ത ലിയോണല്‍ മെസ്സിയും പ്രതീക്ഷ കൈവിടുന്നില്ല.
2008ലും കഴിഞ്ഞ വര്‍ഷവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി ലിയോണല്‍ മെസ്സിയും പുരസ്‌കാരം നേടിയപ്പോള്‍ ന്യൂയര്‍ അവസാന പട്ടികയിലെത്തുന്നത് തന്നെ ആദ്യമായാണ്.
ജര്‍മന്‍ ടീമിന്റെ പരിശീലകന്‍ ജോയാക്വിം ലോ, റയല്‍ മാഡ്രിഡ് മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി, അത് ലറ്റിക്കോ മാഡ്രിഡിന്റെ വിസ്മയ കുതിപ്പിന് കാരണക്കാരനായ ഡീഗോ സിമയോണി എന്നിവര്‍ മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കും.