ബഹു.ഉമ്മന്‍ചാണ്ടി,കേരളം താങ്കളുടെ തറവാട്ട് സ്വത്തല്ല; പാവം ജനങ്ങളുടെ ജീവനുമുണ്ട് വില

ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയുടെ ക്ഷമ പരീക്ഷിക്കരുത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം തലക്ക് പിടിച്ചതിന്റെ അഹങ്കാരത്തിലാണ് താങ്കളുടെ ഈ വെല്ലുവിളിയെങ്കില്‍ പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച താങ്കളുടെ പാര്‍ട്ടിയുടെ ദേശീയതലത്തിലെ ഇപ്പോഴത്തെ അവസ്ഥ ഓര്‍ക്കുന്നത് നല്ലതാണ്.

ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന താങ്കളുടെ അവകാശവാദം എന്തടിസ്ഥാനത്തിലാണ്? ആരാണ് ഈ ഉദ്യോഗസ്ഥനെതിരെ താങ്കള്‍ക്ക് പരാതി നല്‍കിയത്? പരാതിക്കാരന്റെ ഉദ്യേശമെന്താണെന്ന് താങ്കള്‍ പരിശോധിച്ചിട്ടുണ്ടോ?

ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സ്ഥലംമാറ്റമെന്ന് അവകാശപ്പെടുന്ന താങ്കള്‍ ആ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാവുകയാണ് വേണ്ടത്.

കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനസംഖ്യയില്‍ എത്ര ഫ്‌ളാറ്റ് മുതലാളിമാരുണ്ട്? ഇവരാണോ താങ്കള്‍ പറയുന്ന ജനങ്ങള്‍? സംസ്ഥാന പോലീസില്‍ ക്ലീന്‍ ഇമേജുള്ള ഈ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഏത് സര്‍ക്കുലറും പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയത്?

അടൂര്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ വാഹനം ദുരുപയോഗം ചെയ്ത പശ്ചാത്തലത്തില്‍ ഇത്തരം പരിപാടികള്‍ക്ക് അവശ്യ സര്‍വ്വീസായ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിച്ച് സര്‍ക്കുലര്‍ ഇറക്കിയത് എങ്ങനെയാണ് തെറ്റാവുക?

ജനങ്ങളുടെ സുരക്ഷയ്ക്ക് ഒരു പരിരക്ഷയും നല്‍കാതെ കുത്തക മുതലാളിമാര്‍ ലാഭം മാത്രം ലക്ഷ്യമിട്ട് കെട്ടിപ്പടുക്കുന്ന കെട്ടിട സമുച്ഛയങ്ങള്‍ക്കും ക്വാറികള്‍ക്കുമെല്ലാം നോട്ടുകെട്ടുകളുടെയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെയും ഭാഗമായി എന്‍.ഒ.സി കൊടുക്കുന്ന ഏര്‍പ്പാട് അവസാനിപ്പിച്ചത് എങ്ങനെ ജനവിരുദ്ധമാകും? ജനങ്ങളുടെ ‘പ്രതീക്ഷ’ തീരുമാനിക്കാന്‍ എന്ത് അവകാശമാണ് താങ്കള്‍ക്കുള്ളത്? ഏത് ജനമാണ് സ്വന്തം തലച്ചോര്‍ താങ്കളുടെ സര്‍ക്കാരിന് പണയംവച്ചത്?

ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളും സര്‍ക്കുലറുകളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന് ആരോപിച്ച് ന്യായീകരണം കണ്ടെത്തുന്ന താങ്കള്‍ ഈ ഐ.പി.എസുകാരന്റെ ചരിത്രം പഠിക്കുകയാണ് ആദ്യം വേണ്ടത്.

പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടി എങ്ങനെയാണ് ഈ സ്ഥാനത്തെത്തിയതെന്ന് രാഷ്ട്രീയ കേരളത്തിനറിയാം. താങ്കളുടെ നേതാവായ എ.കെ.ആന്റണിക്ക് എങ്ങനെ ഡല്‍ഹിക്ക് പറക്കേണ്ട അവസ്ഥയുണ്ടായെന്നും കേരളീയര്‍ മറിന്നിട്ടില്ല.

സോളാര്‍ സരിതയും ജിക്കുമോനും, ജോപ്പനും ഗണ്‍മാന്‍ സലീംകുമാറും, ‘പാവം പയ്യനും’ വരെ താങ്കള്‍ നല്‍കിയ ‘സംഭാവന’കളല്ല ജേക്കബ് തോമസ് എന്ന ഐ.പി.എസുകാരന്‍ കേരളത്തിന് നല്‍കിയത്. അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടി ഒരു രാഷ്ട്രീയക്കാരന്റെ കാലും സര്‍വ്വീസിലെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ പിടിച്ചിട്ടില്ലെന്നത് തന്നെയാണ് ജേക്കബ് തോമസിന്റെ അധിക യോഗ്യത.

മറ്റ് പലര്‍ക്കും അവകാശപ്പെടാനില്ലാത്ത ഈ യോഗ്യത തന്നെയാണ് മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തിന് കരുത്ത് നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് 30 വര്‍ഷത്തെ സര്‍വ്വീസ് കാലയളവിനുള്ളില്‍ രണ്ട് വര്‍ഷം മാത്രം പോലീസ് യൂണിഫോമില്‍ താങ്കളെ പോലെയുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇദ്ദേഹത്തെ ഒതുക്കിയത്.

സംസ്ഥാനത്ത് ആദ്യമായി മറൈന്‍ യൂണിവേഴ്‌സിറ്റി കൊണ്ടുവന്നത് ജേക്കബ് തോമസ് പോര്‍ട്ട ഡയറക്ടറായിരിക്കുമ്പോഴാണ്. ഈ ഉദ്യോഗസ്ഥനെ അവിടെ നിന്ന് മാറ്റിയപ്പോള്‍ വിജിലന്‍സ് അന്വേഷണം നേരിട്ട ഐ.എ.എസുകാരനെയാണ് തല്‍സ്ഥാനത്ത് നിയമിച്ചത്.

സംസ്ഥാനത്ത് മറ്റൊരു ഉദ്യോഗസ്ഥനും അവകാശപ്പെടാനില്ലാത്ത ഡബിള്‍ ഡോക്ടറേറ്റും ജേക്കബ് തോമസിന് മാത്രം അവകാശപ്പെട്ടതാണ്. ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ രാഷ്ട്രീയ ശുപാര്‍ശയില്ലാതെ കടന്ന് ചെല്ലാന്‍ പറ്റാവുന്ന ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്.

അദ്ദേഹം ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ജീവിത സുരക്ഷിതത്വത്തിന് വേണ്ടിയല്ല, മറിച്ച് പതിനായിരക്കണക്കിന് ജനങ്ങളുടെ സുരക്ഷക്കാണ്. കേന്ദ്ര കെട്ടിട നിര്‍മ്മാണ മാനദണ്ഡമനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 60 ഫ്‌ളാറ്റുകള്‍ക്ക് എന്‍ഒസി നിഷേധിച്ചത് ജനങ്ങളുടെ ജീവന്റെ വിലയറിയാവുന്നതുകൊണ്ട് മാത്രമാണ്.

രാഷ്ട്രീയ തിമിരം ബാധിച്ച താങ്കളുടെ സര്‍ക്കാര്‍ ഈ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നോട്ടുകെട്ടുകള്‍ കാണുമ്പോള്‍ നിയമവും നീതി നിര്‍വ്വഹണവും മറക്കുന്ന ഉദ്യോഗസ്ഥ ‘ശില’ കളെയാണ് താങ്കള്‍ക്ക് ആവശ്യമെങ്കില്‍ അത് ജനങ്ങളുടെ അക്കൗണ്ടിലാവരുത്. സ്വന്തം ‘അക്കൗണ്ടില്‍’ ആക്കാനാണ് ശ്രമമെങ്കില്‍ കേരളം താങ്കളുടെ തറവാട് സ്വത്തൊന്നുമല്ലെന്ന് ഓര്‍മ്മിപ്പിക്കാനും ഞങ്ങള്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുകയാണ്.

ഏതാനും മാസങ്ങള്‍ മാത്രം ഭരണം അവശേഷിക്കുന്ന ഒരു സര്‍ക്കാരിന്റെ നായകനായ താങ്കള്‍ വീണ്ടും യുഡിഎഫ് ‘അധികാരത്തില്‍’ വന്നാല്‍ പോലും നായകനാവുമെന്ന ഉറപ്പ് താങ്കളുടെ പാര്‍ട്ടിക്കാര്‍ക്ക് പോലും നല്‍കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ നിലവിലുള്ളത്?

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സത്യസന്ധരായ നിരവധി ഐ.പി.എസ്സുകാരെ അന്യായമായി തെറുപ്പിച്ചിട്ടുണ്ട്. നിതിയും നിയമവും സത്യസന്ധമായി നടപ്പിലാക്കിയതിനാണ് ഈ ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്.

വയനാട് എസ്.പി അജിത ബീഗത്തെയും പാലക്കാട് എസ്.പി ആയിരുന്ന മഞ്ജുനാഥിനെയും നിയമനം നല്‍കി അടുത്തയിടെയാണ് മാറ്റിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച കോണ്‍ഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്തതാണ് അജിതാ ബീഗത്തിന് വിനയായതെങ്കില്‍, നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതാണ് മഞ്ജുനാഥിന് തിരിച്ചടിയായത്.

രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഉദ്യോഗസ്ഥരെ മതിയായ കാരണങ്ങളില്ലാതെ മാറ്റരുതെന്ന സൂപ്രീംകോടതി നിര്‍ദ്ദേശം എന്തിനാണ് ലംഘിച്ചതെന്ന് പൊതുജനങ്ങളോട് വിശദീകരിക്കാന്‍ പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയില്‍ മാത്രം കെട്ടിവയ്ക്കാവുന്ന ന്യായീകരണമല്ല ഇത്.

കാരണം ഐ.പി.എസ് -ഐ.എ.എസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റങ്ങളില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത് മാത്രമാണ്. താങ്കളുടെ അന്യായമായ സ്ഥലം മാറ്റ പട്ടികയിലെ ഒടുവിലത്തെ ഇരയാണ് ഡി.ജി.പി. ജേക്കബ് തോമസ്.

സ്വന്തം പാര്‍ട്ടിയുടെ പ്രസിഡന്റിനുപോലും ബോധ്യപ്പെടാത്ത സ്ഥലംമാറ്റങ്ങളാണ് ജേക്കബ് തോമസിന്റെയടക്കം താങ്കളുടെ സര്‍ക്കാര്‍ അടുത്തകാലത്ത് നടത്തിയത്.

ഫയര്‍ ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയപ്പോള്‍ എ.ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനിരിക്കേണ്ട പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്തേക്ക് അദ്ദേഹത്തെ തരംതാഴ്ത്തിയത് എന്തിനുവേണ്ടിയായിരുന്നു?

മുഖ്യമന്ത്രിയായ താങ്കള്‍ ഹൈക്കമാന്റ് പറഞ്ഞാല്‍ ‘വെറും മന്ത്രി’സ്ഥാനത്തേക്ക് മാറി ഇരിക്കാന്‍ തയ്യാറാകുമോ? ജേക്കബ് തോമസിനെ സ്ഥലം മാറ്റംവഴി അവഗണിക്കുക മാത്രമല്ല അപമാനിക്കുക കൂടിയാണ് താങ്കളുടെ സര്‍ക്കാര്‍ ചെയ്തത്. ഇത് പ്രതികരണ ശേഷിയുള്ള രാഷ്ട്രീയ കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

…ഇനി ബഹുമാനപ്പെട്ട ഡി.ജി.പി ജേക്കബ് തോമസ് ഐ.പി.എസിനോട് ഒരുവാക്ക്… ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ കരുത്താണ് താങ്കളുടെ നട്ടെല്ലിന്. അത് രാഷ്ട്രീയ ‘കോമരങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ വളയില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ആ കരുത്തിന് മുന്നില്‍ ബിഗ് സല്യൂട്ട്…

Team Expresskerala

Top