മുംബൈ ഭീകരാക്രമണം: റഹ്മാന്‍ ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ പാക്കിസ്ഥാന്‍ നീട്ടി

ഇസ്ലാമാബാദ്: ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ പാക്കിസ്ഥാന്‍ നീട്ടി. ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ അവസാനിപ്പിക്കണമെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ലഖ്‌വിയെ മോചിപ്പിക്കാനുള്ള നടപടികള്‍ മുന്നോട്ട് പോകുന്നതിനിടെ ഡല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്നാലെയാണ് ഇന്ത്യക്ക് അനുകൂലമായി പാകിസ്താന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണ കേസില്‍ ലഖ്‌വിയുടെ പങ്കാളിത്തം തെളിയിക്കാന്‍ തക്കതായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ 18ന് ലഖ്‌വിക്ക് ഭീകര വിരുദ്ധ കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധം അറിയിക്കുകയും ജാമ്യം റദ്ദാക്കാന്‍ നയതന്ത്ര ഇടപെടില്‍ നടത്തുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു പാക്കിസ്ഥാനിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

2009 മുതല്‍ ജയിലില്‍ കഴിയുന്ന ലഖ്‌വിക്ക് കഴിഞ്ഞ 18 ന് ആണ് ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപയുടെ ജാമ്യത്തില്‍ പുറത്തിറങ്ങാനിരിക്കെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്റെ തടങ്കല്‍ നീട്ടിയത്. മുംബൈ ആക്രമണത്തിനെത്തിയ 10 ഭീകരര്‍ക്ക് പരിശീലനവും നിര്‍ദേശങ്ങളും നല്‍കിയെന്നാണ് ലഖ്‌വിക്കെതിരെയുളള കുറ്റം.

Top