മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഫോണ്‍ സന്ദേശം. ഇന്നലെ രാത്രി വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഇന്റര്‍നെറ്റ് വഴി വന്ന ഫോണ്‍കോളിലാണ് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

വിശേഷ് കുമാര്‍ എന്നാണ് ഫോണ്‍ ചെയ്ത വ്യക്തി സ്വയം പരിചയപ്പെടുത്തിയത്. അന്ധേരിയിലുള്ള ഒരുകൂട്ടം പേര്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടത് താന്‍ കേട്ടതായി ഇയാള്‍ പറഞ്ഞു.

ആഭ്യന്തര ടെര്‍മിനല്‍, രാജ്യാന്തര ടെര്‍മിനല്‍, താജ് ഹോട്ടല്‍ എന്നിവയ്ക്ക് സമീപമായി ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനും ഇടയ്ക്ക് അഞ്ചു വാഹനങ്ങള്‍ പൊട്ടിത്തെറിക്കും. 2008 ലെ മുംബൈ ഭീകരാക്രമണ പരമ്പരയെക്കാള്‍ വലുതായിരിക്കും ഇതെന്നും ഇയാള്‍ പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.

ഫോണ്‍സന്ദേശത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലും താജ് ഹോട്ടലിലും സുരക്ഷ ശക്തമാക്കി.

അതേസമയം, ഇതൊരു തട്ടിപ്പ് സന്ദേശമാണെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ഫോണ്‍ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top