മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് എസ്.ആര്‍.പി; താന്‍ വി.എസ് വിരുദ്ധനല്ലെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി: താന്‍ വി.എസ് വിരുദ്ധനല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. വി.എസ് വിരുദ്ധ ചേരിയിലാണ് താനെന്ന പ്രചാരണം അപവാദമാണ്. നേതൃത്വത്തില്‍ വി.എസ് വിരുദ്ധ ചേരി ഇല്ലെന്നും രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലുമായുള്ള അഭിമഖത്തിലാണ് എസ്ആര്‍പി നിലപാട് വ്യക്തമാക്കിയത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ താന്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് വിരമിക്കുമെന്ന് ചൂണ്ടിക്കാട്ടിയ എസ്ആര്‍പി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടത്തിയെന്ന ആരോപണം തള്ളിക്കളഞ്ഞു. വി.എസ് പോളിറ്റ് ബ്യൂറോയിലേക്ക് അയച്ച കത്ത് ചോര്‍ന്നത് സംബന്ധമായി കുറ്റക്കാരായവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സീതാറാം യെച്ചൂരിക്ക് ബദലായി പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയാക്കാന്‍ സിപിഎമ്മിലെ കേരള ഘടകമടക്കമുള്ളവര്‍ മുന്നോട്ട് വയ്ക്കുന്ന എസ്. രാമചന്ദ്രന്‍ പിള്ളയുടെ അഭിപ്രായപ്രകടനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

പിണറായി-വി.എസ് തര്‍ക്കം വിഭാഗീയതയായി പടര്‍ന്ന, കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് എസ് രാമചന്ദ്രന്‍ പിള്ളയെ ഒത്ത് തീര്‍പ്പ് സ്ഥാനാര്‍ത്ഥിയാക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വത്തില്‍ ആലോചനയുണ്ടായിരുന്നെങ്കിലും ഇരു വിഭാഗവും ഈ നീക്കത്തെ മുളയിലെ നുള്ളിക്കളയുകയായിരുന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വിരമിക്കുമെന്ന് വ്യക്തമാക്കിയ രാമചന്ദ്രന്‍ പിള്ള ലക്ഷ്യമിടുന്നത് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കമാണെന്നാണ് സൂചന.

ഒരു പഞ്ചായത്ത് അംഗമായിപോലും വ്യക്തിപരമായി നിന്ന് ജയിക്കാന്‍ ശേഷിയില്ലാത്ത നേതാവെന്ന് സിപിഎം അണികള്‍ തന്നെ പരിഹസിക്കുന്ന രാമചന്ദ്രന്‍ പിള്ളയെ കേരള രാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ കേരള നേതാക്കള്‍ അവസരമൊരുക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

താന്‍ വി.എസ് വിരുദ്ധ ചേരിയിലാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അഭിമുഖത്തില്‍ രാമചന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും സ്വീകാര്യത കിട്ടാന്‍ വേണ്ടിയാണെന്നും ഉറപ്പാണ്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ കൂടി പിന്‍തുണയോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ രാമചന്ദ്രന്‍പിള്ള ശ്രമിച്ചേക്കുമെന്നാണ് സൂചന.

പിണറായി മുഖ്യമന്ത്രിയാകുന്നത് സ്വപ്നത്തില്‍പോലും ഇഷ്ടപ്പെടാത്ത വി.എസ് അച്യുതാന്ദന്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാന്‍ രാമചന്ദ്രന്‍പിള്ളയുടെ പേര് മുന്നോട്ട് വച്ചാല്‍ അത് സിപിഎം സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാകും.

Top