മുപ്പത്തിമൂന്നു വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ വിന്‍സന്‍ എം പോളിന് കിട്ടിയ തിരിച്ചടി

തിരുവനന്തപുരം: നീണ്ട മുപ്പത്തി മൂന്നു വര്‍ഷത്തെ സേവനത്തിനൊടുവില്‍ അടുത്തമാസം മുപ്പതിന് സര്‍വ്വീസില്‍ നിന്നു വിരമിക്കാനിരിക്കെ ബാര്‍ കോഴ കേസില്‍ വന്ന കോടതി വിധി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന് കനത്ത തിരിച്ചടിയായി.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പോള്‍ മുത്തൂറ്റ് വധ കേസില്‍ ‘എസ്’ കത്തി വിവാദത്തില്‍ പ്രതിരോധത്തിലായിരുന്ന വിന്‍സന്‍ എം പോളിന് സിബിഐ അന്വേഷണത്തിലും അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതാണ് രക്ഷയായത്.

എന്നാല്‍ ബാര്‍ കോഴ കേസില്‍ മന്ത്രി കെ എം മാണി പണം വാങ്ങിയതിന് തെളിവില്ലെന്നു വ്യക്തമാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ വിന്‍സന്‍ പോളിന് ഓര്‍ക്കാപ്പുറത്തുള്ള പ്രഹരമാണ് കോടതിവിധി.

വിരമിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കുന്ന ഒരു ഐപിഎസുകാരന്‌ കിട്ടാവുന്നതില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.

സര്‍വ്വീസില്‍ കയറിയതു മുതല്‍ മികച്ച ട്രാക്ക് റിക്കാര്‍ഡിന് ഉടമയായിരുന്ന വിന്‍സന്‍ പോള്‍ പൊതുവെ സത്യസന്ധനായാണ് അറിയപ്പെട്ടിരുന്നത്.

സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നാണ് ബാര്‍ കോഴയില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കാന്‍ വിന്‍സന്‍
പോള്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നാണ് പോലീസിലെ തന്നെ പലരും വിശ്വസിക്കുന്നത്.

വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കുക മാത്രമല്ല കീഴുദ്യോഗസ്ഥനായ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി സുകേശന്റെ നിലപാടുകള്‍ ശരിവയ്ക്കുക കൂടിയാണ് കോടതി ചെയ്തത്.

നിലവിലെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എസ് പി സുകേശന്‍ തന്നെ തുടരന്വേഷണം നടത്താനാണ് സാധ്യത.

വിരമിക്കാന്‍ ഇനി ഒരു മാസം അവശേഷിക്കുന്നുണ്ടെങ്കിലും തുടരന്വേഷണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എന്ന രൂപത്തില്‍ ഇനി വിന്‍സന്‍ പോളിന് ഇടപെടാന്‍ ധാര്‍മ്മികമായി കഴിയില്ല. ഈയൊരു പശ്ചാത്തലത്തിലാണ് അദ്ദേഹം ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.

Top