മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് വീണ്ടും തിരിച്ചടി. കേസില്‍ കേരളത്തിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡാമിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെയായിരുന്നു കേരളത്തിന്റെ ഹര്‍ജി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ അഞ്ച് അംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

ഇന്നലെ ഉച്ചയ്ക്കാണ് കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഭരണഘടനാ ബഞ്ചിന്റെ വിധി തെറ്റാണെന്ന് പറഞ്ഞായിരുന്നു ഹര്‍ജി. പാട്ടക്കരാറിന് സാധുതയില്ലെന്ന കേരളത്തിന്റെ വാദം ഭരണഘടനാ ബെഞ്ച് പാടെ തള്ളി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാലും ഡാമിന് ബലക്ഷയം ഇല്ല എന്ന തമിഴ്‌നാടിന്റെ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്. ഹര്‍ജി തള്ളിയതോടെ തെറ്റു തിരുത്തല്‍ ഹര്‍ജി നല്‍കുക മാത്രമാണ് കേരളത്തിന് മുന്നിലുള്ള ഏക പോംവഴി.

അതേസമയം, തമിഴ്‌നാടിനെ സംബന്ധിച്ച് ആശ്വാസകരമായ വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായിട്ടുള്ളത്.

Top