ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുവാദം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. അനുമതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം വാര്‍ത്താകുറിപ്പിറക്കി.
പരിസ്ഥിതി ആഘാതപഠനത്തിന്റെ സാധ്യത പരിശോധിക്കാനും വിവര ശേഖരണം നടത്താനുമാണ് കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും പരിസ്ഥിതി മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ നിലപാടിനു പിന്നില്‍ തമിഴ്‌നാടിന്റെ സമ്മര്‍ദ്ദമാണെന്ന് സൂചനയുണ്ട്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണു മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരളം സമര്‍പ്പിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് പരിഗണിച്ചാണു പഠനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
നിലവിലെ അണക്കെട്ടിന് 366 മീറ്റര്‍ താഴെ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായിരുന്നു കേരളം പദ്ധതിയിട്ടിരുന്നത്. പാരിസ്ഥിതിക ആഘാത പഠനം തടയണമെന്ന് കാണിച്ച് തമിഴ്‌നാട് നല്‍കിയ ഹര്‍ജി വേനല്‍ അവധി കഴിഞ്ഞ് സുപ്രീം കോടതി പരിഗണിക്കും.