മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരലത്തിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ല

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക ആഘാത പഠനം നടത്താനുള്ള കേരളത്തിന്റെ അപേക്ഷയ്ക്കതിരെ തമിഴ്‌നാട് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ വിധി വന്നശേഷം അപേക്ഷ പരിഗണിച്ചാല്‍ മതിയെന്നാണ് വിദഗ്ധ സമിതി തീരുമാനം.

സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുമ്പ് തീരുമാനമെടുത്താല്‍ അത് കോടതിയലക്ഷ്യമാകുമെന്നും വനം പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. 2014 ലെ വിധി പ്രകാരം കേരളവും തമിഴ്‌നാടും ധാരണയിലെത്തിയില്ലെങ്കില്‍ ഇരുവര്‍ക്കും കോടതിയെ സമീപിക്കാമെന്നാണ് ഉത്തരവ്.

സുരക്ഷാ ഭീഷണിയിലാണെന്ന് കേരളം പറയുന്ന നിലവിലുള്ള അണക്കെട്ടിന്റെ 366 മീറ്റര്‍ താഴെ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി തേടിയാണ് കേരളം അപേക്ഷ നല്‍കിയിരുന്നത്. മെയ് 12നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചത്.

പെരിയാര്‍ കടുവാ സങ്കതത്തേില്‍ കേരളം നിര്‍മിക്കാന്‍ ഉദ്ദശേിക്കുന്ന അണക്കെട്ടിന്റെ പരിസ്ഥിതി ആഘാതപഠനത്തിന് നേരത്തേ ദേശീയ വന്യജീവിബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിസ്ഥിതി ആഘാതപഠനം നടത്താന്‍ സെക്കന്തരാബാദ് ആസ്ഥാനമായ എജന്‍സിയെ ചുമതല ഏല്‍പിച്ചു.

എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ അനുമതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പഠനത്തില്‍നിന്ന് കേരളത്തെ വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തമിഴ്‌നാടിന്റെ ഹരജി ജൂലൈയില്‍ സുപ്രീംകോടതി പരിഗണിക്കും.

Top