മുസ്ലിങ്ങള്‍ ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരല്ല, കാവി ഇന്ത്യയുടെ ഇരകള്‍: അസം ഖാന്‍

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരല്ലെന്നും ‘കാവി ഇന്ത്യ’യുടെ ഇരകളാണെന്നും ഉത്തര്‍ പ്രദേശിലെ ന്യൂനപക്ഷ ക്ഷേമ, നഗര വികസനകാര്യ മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍.

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ബീഫ് ഉപേക്ഷിക്കണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അസം ഖാന്‍. ഇത്തരം പ്രസ്താവനകള്‍ എപ്പോഴും മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇന്ത്യ ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമല്ലാതായിരിക്കുന്നു. ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് ആര്‍.എസ്.എസ്. തുറന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. പശുവിനെ കശാപ്പ് ചെയ്യണമെന്ന് മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. മാടുകളും കോഴികളുമടക്കമുള്ള ഒന്നിനെയും കശാപ്പു ചെയ്യരുതെന്നാണ് ഞങ്ങള്‍ പറയുന്നത്.’ അസം ഖാന്‍ പറഞ്ഞു.

‘ ബീഫ് പ്രശ്‌നത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുകയാണ്. ഇനിയും കൊല്ലപ്പെടും. ഞങ്ങളെവിടെ പോകും? മറ്റെവിടെയും പോകാനുമില്ല. പേടിച്ചും നിരാശയിലുമാണ് മുസ്ലിങ്ങള്‍ ഇവിടെ ജീവിക്കുന്നത്. ഐക്യരാഷ്ട്ര സഭയ്ക്കു പോലും ഒന്നും ചെയ്യാനാവുന്നില്ല.’ അസം ഖാന്‍ വ്യക്തമാക്കി.

ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം യു.എന്നില്‍ എത്തിക്കുമെന്നു നേരത്തെ അസം ഖാന്‍ പറഞ്ഞിരുന്നു.

Top