മുസ്ലീംലീഗിനെ ഇടതു മുന്നണിയിലെടുക്കുന്ന കാര്യം സിപിഐഎമ്മിന്റെ പരിഗണനയില്‍

തിരുവനന്തപുരം: ബാര്‍ കോഴയില്‍ തട്ടി തെറിച്ച് പോയ കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിന് പകരം സാക്ഷാല്‍ മുസ്ലീം ലീഗിനെ തന്നെ ഇടത് മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎമ്മില്‍ ആലോചന. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുമായി വ്യക്തിപരമായി അടുപ്പം പുലര്‍ത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ എന്നിവര്‍ക്ക് ലീഗിനെ മുന്നണിയിലെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സൂചന.

ശക്തരായ ഘടക കക്ഷികളാല്‍ സമ്പന്നമായ യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിനേയോ മുസ്ലീം ലീഗിനേയോ കൂടെ കൂട്ടിയില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം ലഭിക്കില്ലെന്ന ആശങ്കയിലാണ് പുതിയ കരുനീക്കം.

ഫെബ്രുവരി 20 മുതല്‍ 24 വരെ ആലപ്പുഴയില്‍ ചേരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. നിലവിലെ സാഹചര്യത്തല്‍ അഴിമതി ആരോപണത്തില്‍പ്പെട്ട് പിടയുന്ന മാണിയുടെ കേരള കോണ്‍ഗ്രസിനേക്കാള്‍ അഭികാമ്യം ലീഗ് തന്നെയാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത്തരമൊരു സഖ്യം നിലവില്‍ വന്നാല്‍ ഭരണം ലഭിക്കുക മാത്രമല്ല ഏറെക്കാലം ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്നുമാണ് സിപിഎമ്മിന്റെ കണക്കു കൂട്ടല്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തിരിച്ചടി നേരിട്ടാല്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഒരു ഉന്നത സിപിഎം നേതാവ് വ്യക്തമാക്കി.

കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും അവസാന നിമിഷം മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി വി.എം സുധീരന്‍ വരാനുള്ള സാധ്യത സിപിഎം തള്ളിക്കളയുന്നില്ല. ഇടതു പക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വരുമ്പോള്‍ നേരിടാന്‍ സുധീരന്‍ ഇറങ്ങുന്നത് അപകടമാകുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

അതേസമയം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികളെ ഇടതു മുന്നണിയിലെടുക്കുന്നതിനോട് സിപിഐക്ക് ശക്തമായ വിയോജിപ്പുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിലപാടിനൊപ്പമാണ് ഈ കാര്യത്തില്‍ സിപിഐ.

യുഡിഎഫിലെ ആര്‍എസ്പി (ബി)സോഷ്യലിസ്റ്റ് ജനത പാര്‍ട്ടികളെ ഇടതു മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനോടാണ്  വി.എസിനും സിപിഐക്കും യോജിപ്പ്. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഈ കാര്യത്തിലാണ് തീരുമാനമുണ്ടാകേണ്ടതെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.

ജനപിന്‍തുണയില്ലാത്ത ഘടകകക്ഷികളെ ചുമക്കുന്നതിന് പകരം ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം  ഏരിയാ – ജില്ലാ സമ്മേളനങ്ങളില്‍ സിപിഎം പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു. ജനതാദള്‍, എന്‍സിപി തുടങ്ങിയ ഘടകകക്ഷികളെ ഉന്നംവെച്ചായിരുന്നു വിമര്‍ശനം.

മുസ്ലീംലീഗിനെ ഘടകകക്ഷിയാക്കുവാന്‍ തീരുമാനിച്ചാല്‍ സിപിഎമ്മിന്റെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, ജില്ലാക്കമ്മിറ്റികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യവും പ്രസക്തമാണ്. ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഈ ജില്ലകളിലെ സിപിഎം പ്രവര്‍ത്തകര്‍ വൈകാരികമായി നിലപാടെടുത്താല്‍ അത് സിപിഎമ്മിന് കനത്ത തിരിച്ചടിയാകും.

പാര്‍ട്ടി തീരുമാനങ്ങളില്‍ മനംനൊന്ത് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും മലബാര്‍ മേഖലയില്‍ നിന്ന് കൊഴിഞ്ഞ് പോയ സാഹചര്യത്തില്‍ ലീഗിന്റെ കാര്യത്തില്‍ സിപിഎം സഖ്യതീരുമാനമെടുത്താല്‍ വന്‍ തിരിച്ചടിക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ഇത്തരമൊരു സഖ്യം നിലവില്‍ വന്നാല്‍ അത് ബിജെപിക്കാണ് ഏറെ ഗുണംചെയ്യുകയെന്ന അഭിപ്രായവും ശക്തമാണ്.

ബദല്‍ രേഖയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് എം.വി രാഘവനെ പുറത്താക്കിയ സിപിഎം ‘തെറ്റ് തിരുത്തുമ്പോള്‍’അത് ചരിത്രപരമായ വിഡ്ഢിത്തമായി മാറുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

പിണറായിയുടെ പിന്‍ഗാമിയായി ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ചുമതലയേല്‍ക്കുന്ന കോടിയേരി ബാലകൃഷ്ണന്‍  സിപിഎമ്മിനെ വളര്‍ച്ചയിലേക്കാണോ തളര്‍ച്ചയിലേക്കാണോ നയിക്കുക എന്നറിയാന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടി വരും.

Top