മൂന്നാറില്‍ രാഷ്ട്രീയക്കാര്‍ ചെന്നാല്‍ തൊഴിലാളികള്‍ തല്ലിയോടിക്കുമെന്നത് മാധ്യമ പ്രചരണം പിണറായി

തിരുവനന്തപുരം: മൂന്നാറില്‍ രാഷ്ട്രീയക്കാര്‍ ചെന്നാല്‍ തൊഴിലാളികള്‍ തല്ലിയോടിക്കും എന്ന പ്രചരണം നടത്തുന്നത് മാധ്യമങ്ങളാണെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍. മൂന്നാറിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും പിണറായി. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

ബോണസ് വെട്ടിക്കുറച്ച് തൊഴിലാളികളെ കടുത്ത നൈരാശ്യത്തിലേക്കും രോഷത്തിലേക്കും തള്ളിവിട്ട തോട്ടം മുതലാളിമാരാണ് അടിയന്തരമായി സമരം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കെഡിഎച്ച്പി കമ്പനി തെറ്റായ തീരുമാനത്തില്‍ നിന്ന് പിന്മാറണം.

സമരവേളയില്‍ വൈകാരികമായ പ്രതികരണങ്ങള്‍ ഉണ്ടാകാം. ബോണസും ന്യായമായ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ അത്തരം പ്രതികരണങ്ങള്‍ അസ്വാഭാവികമല്ല. അതുകൊണ്ടു തൊഴിലാളി കമ്യൂണിസ്റ്റുകാരന്റെ ശത്രു ആകില്ല. രാഷ്ട്രീയക്കാര്‍ ചെന്നാല്‍ തല്ലി ഓടിക്കും എന്ന മാധ്യമ പ്രചാരണങ്ങള്‍ക്കിടയില്‍ അവരുടെ ഇടയിലേക്ക് സിപി ഐ എം നേതാക്കള്‍ ചെല്ലുന്നതും ആ സമരത്തിനു എല്ലാവിധ പിന്തുണയും നല്കുന്നതും തൊഴിലാളി വര്‍ഗത്തിന്റെ കൊടിയാണ് ഈ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത് എന്നത് കൊണ്ടാണ്.

സമരം ഒരു നിമിഷം വൈകാതെ ഒത്തുതീര്‍പ്പാക്കാന്‍ നടപടിയെടുക്കണം എന്ന് സര്ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു.

Top