മെക്‌സിക്കോയിലെ 43 വിദ്യാര്‍ഥികളുടെ തിരോധാനത്തിന് പിന്നില്‍ മേയര്‍; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ 43 വിദ്യാര്‍ഥികളുടെ തിരോധാനത്തിന് പിന്നില്‍ മെക്‌സിക്കന്‍ മേയറും ഭാര്യയുമാണെന്ന് കണ്ടെത്തി ആറ്റോര്‍ണി ജനറല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സെപ്തംബര്‍ 26നാണ് അധ്യാപകരുടെ വേതന വര്‍ധവ് ആവശ്യപ്പെട്ട് ഗ്വറേറോ സ്‌റ്റേറ്റിന്റെ ദക്ഷിണ പടിഞ്ഞാറന്‍ ഇഗ്വാലയില്‍ വ്യദ്യാര്‍ഥികള്‍ പോലീസുമായി ഏറ്റുമുട്ടിയത്. സംഭവം രാജ്യത്തും അന്താരാഷ്ട്രതലത്തിലും ഏറെ ചര്‍ച്ചയായതോടെ അന്വേഷണം ശക്തിപ്പെടുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 52 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗ്വറേറോസ് യനിഡോസ് എന്ന മയക്കുമരുന്ന സംഘമാണ് കുട്ടികളുടെ തിരോധാനത്തിന് പിന്നിലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. സംഘത്തിന്റെ നേതാവായ സിഡ്രോനിയെ കാസറബിയാസിനെ കഴിഞ്ഞ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ തിരോധാനത്തില്‍ പ്രതിഷേധിച്ച് ബുധാനഴ്ച ഇഗ്വാലയില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നിരുന്നു. ഇഗ്വാല മേയര്‍ ജോസ് ലൂയിസ് അബാര്‍സയും അദ്ദേഹത്തിന്റെ ഭാര്യ മാരിയ ഡി ലോസ് ഏയ്ജല്‍സ് പിനീഡയും നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് സംഘം കുട്ടികളെ കസ്റ്റഡിയില്‍ വെച്ചതെന്ന് അറസ്റ്റിലായ ഗ്വറേറോസ് യനിഡോസ് നേതാവ് പോലീസിനോട് പറഞ്ഞു.

സംഭവത്തിന്റെ സൂത്രധാരകരായ മേയറെയും അദ്ദേഹത്തിന്റെ ഭാര്യയെയും പോലീസ് മേധാവി ഫെലിപ് ഫ്‌ലോര്‍സ് വെലാസ്‌കെസിനെയും അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചതായി ആറ്റോര്‍ണി ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികളും പോലീസും തമ്മിലുള്ള പ്രക്ഷോഭത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ വിദ്യാര്‍ഥികളെ ഗ്വറേറോസ് യൂനിഡോസ് മയക്കുമരുന്ന് സംഘത്തിന് കൈമാറുകയായിരുന്നു. ഇഗ്വാല സര്‍ക്കാറിലെ സുപ്രധാന ഉദ്യോഗസ്ഥരെല്ലാം ഗ്വാറേറോസ് മയക്കുമരുന്ന സംഘത്തില്‍ നിന്ന് പണം പറ്റുന്നവരും അവരുമായി അടുത്ത ബന്ധമുള്ളവരുമാണെന്ന് വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മേഖലയില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒമ്പത് ശവക്കല്ലറകളില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇവയുടെ ഡി എന്‍ എ ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഫലം പുറത്തുവന്നാലേ മൃതദേഹം വിദ്യാര്‍ഥികളുടെതെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.

Top