കൊച്ചി: മെട്രോ തൊളിലാളികളുടെ വേഷത്തിലെത്തി എറണാകുളം എം.ജി. റോഡിലെ ഹോട്ടല്‍ പൊളിച്ച ക്വട്ടേഷന്‍ സംഘവുമായി സെന്‍ട്രല്‍ സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബിക്ക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്.
സംഭവത്തേക്കുറിച്ച് സി.ഐക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കൊച്ചി സിറ്റി പൊലീസ് ഡിജിപിക്ക് നല്‍കിയിട്ടുണ്ട്.
കെട്ടിടം പൊളിച്ച ദിവസം, അറസ്റ്റിലായ ഒന്നാം പ്രതി ജോയ് ആന്റണിയുമായി സി.ഐ. ഫോണില്‍ ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് കമ്മീഷണര്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് സി.ഐ. അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം പതിനാറിന് പുലര്‍ച്ചെ രണ്ട് മണിക്ക് കൊച്ചി മെട്രോ തൊഴിലാളികളുടെ യൂണിഫോമിലെത്തിയ അജ്ഞാതര്‍ ജെ.സി.ബി. ഉപയോഗിച്ച് ഹോട്ടല്‍ പൊളിച്ചത്. കെട്ടിടത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി ഇടിച്ചുനിരത്തി. ഈ സമയം ഹോട്ടലിന്റെ അകത്ത് പതിനഞ്ചോളം ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ ഏതാനും ജീവനക്കാര്‍ക്ക് തലയില്‍ മരക്കഷ്ണം വീണ് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവം നടന്ന ദിവസവും തൊട്ടടുത്തദിവസവും ദീര്‍ഘനേരം ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. കെട്ടിടം പൊളിക്കാനുപയോഗിച്ച മണ്ണുമാന്ത്രിയന്ത്രം പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചുവാങ്ങാന്‍ സി.ഐയുടെ ശുപാര്‍ശപ്രകാരം കരാറുകാരനായ ജോയി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ഇവ വിട്ടു നല്‍കാന്‍ എസ് ഐ തയാറായില്ല.
സിഐയുടെ നടപടിയിയില്‍ സംശയം തോന്നിയ സിറ്റി പൊലീസ് കമ്മിഷണറും ഡപ്യൂട്ടി കമ്മീഷണറുമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ചപ്പോഴാണ് സംഭവത്തില്‍ സിഐയുടെ പങ്ക് പുറത്തുവന്നത്. നടപടി ഭയന്ന് കഴിഞ്ഞദിവസം ഫ്രാന്‍സീസ് ഷെല്‍ബ് അവധിയില്‍ പ്രവേശിച്ചു. പിന്നാലെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് സിറ്റി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.