ന്യൂഡല്‍ഹി: നാളെ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് പരീക്ഷാര്‍ത്ഥികള്‍ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകാനാവില്ലെന്ന് സുപ്രീംകോടതി. ശിരോവസ്ത്രം നിരോധിച്ച സിബിഎസ്ഇ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ ബഞ്ച് തള്ളി.
ഇതു ഗൗരവമാക്കേണ്ട വിഷയമല്ലെന്നു കോടതി നിരീക്ഷിച്ചു. ഒരു ദിവസം ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ വിശ്വാസം ഇല്ലാതാകില്ല. വിഷയത്തില്‍ പരീക്ഷാ നടത്തിപ്പുകാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
കഴിഞ്ഞ മേയില്‍ സിബിഎസ്ഇ നടത്തിയ പ്രവേശന പരീക്ഷയില്‍ കോപ്പിയടിയും ക്രമക്കേടുകളും നടന്നതിനെ തുടര്‍ന്ന് പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശവും നല്‍കി.
ഇതേത്തുടര്‍ന്ന് നാളെ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ തടയാനായി കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.