മെഴ്‌സിഡസ് ബെന്‍സ് ബി ക്ലാസിന്റെ നവീകരിച്ച മോഡല്‍ എത്തി

മെഴ്‌സിഡസ് ബെന്‍സ് ബി ക്ലാസിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. പെട്രോള്‍ വേരിയന്റിന് 27.95 ലക്ഷം രൂപയും ഡീസലിന് 28.95 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഇതിനൊപ്പം എന്‍ട്രി ലെവല്‍ മോഡലായ എ ക്ലാസിന്റെ പുതിയ പതിപ്പും പുറത്തിറക്കി. പനോരമിക് സണ്‍ റൂഫോടു കൂടിയതാണ് ഈ മോഡല്‍. പെട്രോള്‍ പതിപ്പിന് 25.95 ലക്ഷം രൂപയാണ് വില. എ 200 സിഡിഐ സ്‌പോര്‍ട്ട് പതിപ്പിന് 26.95 ലക്ഷം രൂപയാണ്.

ഇന്ത്യയിലെ ഒരേയൊരു ലക്ഷ്വറി ടൂറര്‍ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന വാഹനത്തിന് ഉയര്‍ന്ന സുരക്ഷ, യാത്രാസുഖം, പ്രായോഗികത എന്നിവയാണ് പ്രത്യേകതകള്‍. മുന്‍ മോഡലിനെക്കാള്‍ 25 ശതമാനം കൂടുതല്‍ ശക്തിയോടൊപ്പം ഉയര്‍ന്ന ഇന്ധനക്ഷമതയുമായാണ് പുതിയ ബി ക്ലാസ് എത്തുന്നത്.

വലിയ ത്രീ പോയിന്റഡ് സ്റ്റാര്‍ എംബ്ലം പതിച്ച രണ്ട് ഭാഗങ്ങളുള്ള ഗ്രില്‍, രൂപമാറ്റം വരുത്തിയ ഹെഡ് ലാമ്പുകളും ഡേടൈം റണ്ണിങ് ലാമ്പുകളും, വലിയ എയര്‍ ഇന്‍ടേക്കുകളുള്ള മുന്‍ ബമ്പര്‍ 16 ഇഞ്ച് അലോയ് വീലുകള്‍, സ്‌പോര്‍ട്‌സ് സ്റ്റിയറിങ് വീല്‍, ഡയലുകള്‍, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്, സ്‌റ്റോപ്പ് സംവിധാനം തുടങ്ങിയവയാണ് പുതിയ ബി ക്ലാസിലെ പുതുമകള്‍. 120 പി എസ് പരമാവധി കരുത്തും 200 എന്‍ എം ടോര്‍ക്കും പകരുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 136 പി എസ് പരമാവധി കരുത്തും 300 എന്‍ എം ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

കമ്പനി ഈ വര്‍ഷം അവതരിപ്പിക്കുന്ന മൂന്നാമത്തെ പുതിയ മോഡലാണ് ഇത്. ഈ വര്‍ഷം 15 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

Top