ന്യൂഡല്‍ഹി: സ്വാതന്ത്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഈ മാസം 25 ന് തുടക്കമാകും. പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യും. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വ്യാപാരം മെച്ചപ്പെടുത്തുക, സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സ്വാതന്ത്യ ദിന സമ്മേളനത്തില്‍ വിദേശ നിക്ഷേപകരെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. വിദേശത്തു നിന്നുള്‍പ്പെടെ 1000 ലധികം ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍മാര്‍ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രം, രാജ്യത്തെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെ സംബന്ധിച്ച് നിക്ഷേകരോട് വിശദീകരിക്കും. വിദേശ നിക്ഷേപകര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ചടങ്ങില്‍ പ്രഖ്യാപിക്കും. രാജ്യത്ത് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ട പ്രധാന നടപടികള്‍ സമ്മേളനത്തില്‍ മോദി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമ്മേളനത്തില്‍ അമേരിക്ക, ജപ്പാന്‍, കൊറിയ, സ്വീഡന്‍, പോളണ്ട്, ഓസ്‌ട്രേലിയ, ചൈന, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ പങ്കെടുക്കുമെന്നാണ് സൂചന.
പദ്ധതിയുടെ വിജയത്തിനായി മുംബൈ, ചെന്നൈ, ബംഗലുരു തുടങ്ങി വിവിധ സംസ്ഥാന, തലസ്ഥാനങ്ങളിലും സമാന്തര പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ സമ്മേളനം തല്‍സമയം സംപ്രേഷണം ചെയ്യും.