ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കാനും നിര്‍ത്താനും ഇനി ഒരു എസ്എംഎസ് മതി. ഇന്റര്‍നെറ്റ് സേവനം നിര്‍ത്താന്‍ കമ്പനികള്‍ സങ്കീര്‍ണമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നടപടി.
1925 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുകയോ, വിളിക്കുകയോ ചെയ്താല്‍ മതി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കും. ഇന്റര്‍നെറ്റ് ആരംഭിക്കാന്‍ 1925 ലേക്ക് START എന്നും നിർത്താൻ STOP എന്നും എസ്എംഎസ് അയച്ചാല്‍ മതി.
തുടര്‍ന്ന് ടെലികോം കമ്പനികള്‍ ഉപയോക്താവിന് മറുപടിയും ഉടന്‍ അയയ്ക്കണം. ഉപയോക്താവിന്റെ അനുമതി കൂടാതെ കാലാവധിക്കു ശേഷം ഇന്റര്‍നെറ്റ് സേവനം ദീര്‍ഘിപ്പിക്കാനും കമ്പനിക്ക് അനുവാദം ഉണ്ടാകില്ല.
ഇത് സംബന്ധിച്ച് ടെലികോം കണ്‍സ്യൂമേഴ്‌സ് പ്രൊട്ടക്ഷന്‍ റഗുലേഷന്‍സില്‍ ഭേദഗതിയും വരുത്തി. ഇന്റര്‍നെറ്റ് വരിക്കാരാകാത്തവര്‍ ഈ സേവനം ഉപയോഗിക്കുമ്പോള്‍ ഓരോ 10 മെഗാബൈറ്റ് ഉപയോഗിക്കുമ്പോഴും ഉപയോക്താവിന് അറിയിപ്പ് നല്‍കണമെന്നും ട്രായ് നിര്‍ദേശിക്കുന്നു.