മൊബൈല്‍ ചാര്‍ജറിനെ ചൊല്ലി തര്‍ക്കം: സുഹൃത്തുക്കളുടെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: മൊബൈല്‍ ചാര്‍ജറിനെ ചൊല്ലിയുള്ള തര്‍ക്കം പതിനേഴുകാരനായ വിദ്യാര്‍ഥിയുടെ ജീവനെടുത്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റണ്‍ഹോള മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രതികളായ മൂന്നു സുഹൃത്തുക്കളെ പോലീസ് അറസ്റ്റു ചെയ്തു ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി. കൊല്ലപ്പെട്ടയാളുടെയും പ്രതികളുടെയും വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

സുഹൃത്തിന്റെ പക്കല്‍ നിന്നും പതിനേഴുകാരനായ വിദ്യാര്‍ഥി കടം വാങ്ങിയ മൊബൈല്‍ ചാര്‍ജര്‍ നിലത്തുവീണ് പൊട്ടിപ്പോയിരുന്നു. മൊബൈല്‍ ചാര്‍ജര്‍ തിരിച്ചുവാങ്ങനെത്തിയ സുഹൃത്തുക്കള്‍ ഇതറിഞ്ഞ് ക്ഷുഭിതരാവുകയും യുവാവുമായി അടികൂടുകയും ചെയ്തു. ഇതിനിടെ നെഞ്ചിനേറ്റ ഇടിയെ തുടര്‍ന്ന് വിദ്യാര്‍ഥി അബോധാവസ്ഥയിലായി. ഇതോടെ ഭയന്നുപോയ വിദ്യാര്‍ഥികള്‍ മാതാപിതാക്കളെ വിവരം അറിയിച്ച് സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പോലീസിനെ അറിയിച്ചത്.

കഴിഞ്ഞ മാസം ഡല്‍ഹിയിലെ സീമപുരിയില്‍ മാമ്പഴം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പതിനഞ്ചുകാരനെ കച്ചവടക്കാരന്‍ അടിച്ചുകൊന്നിരുന്നു.

Top