മോട്ടോറോളയില്‍ നിന്നുള്ള പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ എക്‌സ് പ്ലേ സെപ്റ്റംബര്‍ 14 ന് ഇന്ത്യയിലെത്തും. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പന ഫ്‌ളിപ്കാര്‍ട്ട് വഴിയായിരിക്കും. മോട്ടോ എക്‌സ് സ്‌റ്റൈല്‍ എന്ന സ്മാര്‍ട്‌ഫോണിന്റെ വിലകുറഞ്ഞ രൂപമായിരിക്കും പുതിയ ഫോണ്‍.
മികച്ച ബാറ്ററി ബാക്കപ്പും 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായെത്തുന്ന ഫോണിനു കരുത്തു പകരുന്നത് 1.7 ജിഗാഹെട്‌സ് വേഗതയുള്ള 64 ബിറ്റ് ഒക്ടാകോര്‍ സ്‌നാപ് ഡ്രാഗണ്‍ 615 പ്രോസസറാണ്.
2 ജിബി റാമുമായി എത്തുന്ന മോട്ടോ എക്‌സ് പ്ലേയുടെ ബാറ്ററി 3650 എംഎഎച്ച് ആണ്. വേഗത്തിലുള്ള ചാര്‍ജിങ്ങും 48 മണിക്കൂറോളം ഇന്റര്‍നെറ്റ് & വോയിസ് കാള്‍ ഉപയോഗവും പിന്തുണയ്ക്കുന്ന ഈ ബാറ്ററി എക്‌സ് പ്ലേയെ നിലവിലുള്ള സ്മാര്‍ട്‌ഫോണുകള്‍ക്കിടയിലെ എക്‌സലന്റ് പ്ലെയറാക്കും.
ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 16 ജിബി ആന്തരിക സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കും. സെല്‍ഫി പ്രേമികള്‍ക്കായി 5 മെഗാ പിക്‌സല്‍ വ്യക്തത നല്‍കുന്ന മുന്‍ കാമറയോട് കൂടിയ ഈ 4ജി ഫോണിന്റെ പ്രതീക്ഷിക്കുന്ന വില 22,228 രൂപയാണ്.