മോഡിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ എളുപ്പമെന്ന് കെറി

ന്യൂഡല്‍ഹി:ഒബാമയുടെ സന്ദര്‍ശനത്തോടെ ഇന്ത്യാ-അമേരിക്കാ ബന്ധത്തില്‍ പുതിയ അദ്ധ്യായം തുറക്കുമെന്ന് യു.എസ് വിദേശ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. മോഡിയുടെ ഭരണത്തിന്‍ കീഴില്‍ അമേരിക്കയുടെ ഇന്ത്യയിലുള്ള നിക്ഷേപം വര്‍ദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ‘വൈബ്രന്റ് ഗുജറാത്ത്’ നിക്ഷേപകസംഗമത്തിന്റെ അവസാന ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടെ ഭരണത്തിലുള്ള ഇന്ത്യയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ എളുപ്പമാണെന്നും 2.4 ബില്യണില്‍ നിന്ന് 28 ബില്യണായി ഇന്ത്യയിലെ നിക്ഷേപം വര്‍ദ്ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വൈദ്യുതി പദ്ധതിയുമായി അമേരിക്ക സഹകരിക്കും.

ഇന്ത്യയെ വ്യവസായ നിക്ഷേപസൗഹൃദകേന്ദ്രമാക്കി മാറ്റുമെന്ന് കഴിഞ്ഞ ദിവസം മോഡി പ്രഖ്യാപിച്ചിരുന്നു. ‘ അധികാരമേറ്റ് ഏഴുമാസത്തിനുള്ളില്‍ അനിശ്ചിതത്വത്തിന്റെയും നിരാശയുടേയും അന്തരീക്ഷം നീക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. ഇപ്പോള്‍ വിദേശ രാജ്യങ്ങള്‍ ഞങ്ങളുമായി സഹകരിക്കാന്‍ മുന്നോട്ട് വരുന്നു. നിക്ഷേപകരില്‍ വിശ്വാസം ജനിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടു. അവരെ സംബന്ധിച്ചിടത്തോളം, ഇന്ന് ഇന്ത്യ അവസരങ്ങളുടെ നാടാണ്’ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

Top