മോഡിയോട് അങ്കംകുറിക്കാന്‍ രാഹുല്‍ ട്രെയിനില്‍ പഞ്ചാബിലേക്ക്

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി കര്‍ഷകരെക്കണ്ട് പ്രക്ഷോഭത്തിന് തുടക്കമിടാന്‍ ട്രെയിനില്‍ പഞ്ചാബിലേക്ക് തിരിച്ചു. ജ്യോതിരാധിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളോടൊപ്പം രണ്ടാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലായിരുന്നു രാഹുലിന്റെ യാത്ര.

പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് വിദേശത്തേക്കു മുങ്ങിയ രാഹുല്‍ ഡല്‍ഹി രാംലീല മൈതാനത്തു നടന്ന കര്‍ഷകറാലിയില്‍ പങ്കെടുത്താണ് പൊതുരംഗത്ത് തിരിച്ചെത്തിയത്.

ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിന് കര്‍ഷകരെ സംഘടിപ്പിക്കാന്‍ രാജ്യവ്യാപകമായ യാത്രക്കൊരുങ്ങുകയാണ് രാഹുല്‍. നേരത്തെ ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു ദളിത് വീട്ടില്‍ അന്തിയുറങ്ങിയും രാഹുല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കൃഷിഭൂമി വ്യവസായങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ ജീവന്‍കൊടുത്തും പോരാടാന്‍ ഒരുങ്ങുമ്പോള്‍ രാഹുലിന്റെ പര്യടനം ഏറെ പ്രാധാന്യമുള്ളതാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നവരില്‍ നിന്നും ഭൂമി പിടിച്ചെടുക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും രാഹുല്‍ പഞ്ചാബിലേക്കുള്ള ട്രയിനില്‍വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

Top