മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി, ട്രംപുമായുള്ള നിര്‍ണായക കൂടിക്കാഴ്ച തിങ്കളാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി.

അമേരിക്ക ഉള്‍പ്പടെ മൂന്നു രാജ്യങ്ങള്‍ ആണ് സന്ദര്‍ശന പട്ടികയിലുള്ളത്. നാളത്തെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച അമേരിക്കയിലെത്തുന്ന മോദി, തിങ്കളാഴ്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപുമായുള്ള മോദിയുടെ ആദ്യകൂടിക്കാഴ്ചയാണിത്. മുന്‍പ്രസിഡന്റ് ബറാക് ഒബാമയുമായി ഇന്ത്യക്കുണ്ടായിരുന്ന നയതന്ത്രബന്ധം ട്രംപുമായി തുടരാനാകുമോ എന്നതിന്റെ പരീക്ഷണം കൂടിയാകും ഈ കൂടിക്കാഴ്ച.

എച്ച്1 ബി വിസ പ്രശ്‌നം സന്ദര്‍ശനവേളയില്‍ മോദി ഉന്നയിക്കുമെന്നു കരുതുന്നതായി യു.എസിലെ ഉന്നതോദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ഇപ്പോഴത്തെ എച്ച്1ബി വിസച്ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് മോദി ആവശ്യപ്പെടും. വിസച്ചട്ടങ്ങള്‍ ട്രംപ് ഭരണകൂടം കടുപ്പിച്ചത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെയാണ്.

വാണിജ്യ, പ്രതിരോധരംഗങ്ങളിലെ സഹകരണവും ചര്‍ച്ചയാവും. മോദിയുടെ സന്ദര്‍ശനത്തിനുമുമ്പായി വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സണുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സള്ളിവനെയും അദ്ദേഹം കാണുന്നുണ്ട്. ഇന്ത്യയുടെ മുന്‍ യു.എസ്. സ്ഥാനപതിയായിരുന്ന ജയ്ശങ്കര്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ ഇരുരാജ്യവും തമ്മിലുള്ള ബന്ധം രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

ചൈന, ജപ്പാന്‍, ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ആദ്യം തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ട്രംപിന്റെ കീഴില്‍ ഇന്ത്യക്ക് അമേരിക്ക പഴയതുപോലുള്ള മുന്‍ഗണന നല്‍കുന്നില്ലെന്ന വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധത്തില്‍ നിര്‍ണായകമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് 22 ഗാര്‍ഡിയന്‍ സൈനിക ഡ്രോണുകള്‍ (ആളില്ലാ വിമാനം) വില്‍ക്കാന്‍ യു.എസ്. തീരുമാനിച്ചിരുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം നെതര്‍ലന്‍ഡ്‌സും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

Top