ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മുസ്‌ലിമായ മധ്യവയസ്‌കനെ അടിച്ചുകൊന്ന സംഭവം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദാദ്രി സംഭവം പ്രതിപക്ഷം രാഷ്ട്രീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ആദ്യമായാണ് ദാദ്രി സംഭവത്തില്‍ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
ദാദ്രിയും ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കാതിരിക്കുന്നതും പോലെയുള്ള സംഭവങ്ങള്‍ ദുഃഖകരമാണ്. എന്നാല്‍ ഈ സംഭവങ്ങളില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും മോഡി ചോദിച്ചു.
ഇത്തരം സംഭവങ്ങളെ ബിജെപി ഒരിക്കലും പിന്തുണയ്ക്കില്ലെന്നും മോഡി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നേരത്തെ ബിഹാര്‍ തിരഞ്ഞെടുപ്പു റാലിയില്‍ രാജ്യത്ത് ഹിന്ദുക്കളും മുസ്‌ലിമുകളും തമ്മിലടിക്കരുതെന്നും ദാരിദ്രത്തിനെതിരെ പോരാടാമെന്നുമായിരുന്നു മോദി പറഞ്ഞത്.
പ്രതിപക്ഷം രാഷ്ട്രീയധ്രുവീകരണത്തിന് ഇത്തരം വിഷയങ്ങളെ ഉപയോഗിക്കുന്നുവെന്നു പറഞ്ഞ മോഡി, ബിജെപി എപ്പോഴും കപടമായ മതനിരപേക്ഷത എതിര്‍ത്തിരുന്നുവെന്നും വ്യക്തമാക്കി. ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും പ്രതികരണം വരാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.